കോട്ടയം : മാർക്കറ്റിലേക്ക് സാധനം വാങ്ങാൻ എത്തുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ നടുവൊടിയാതെ രക്ഷപ്പെട്ടാൽ ഭാഗ്യം. ഇടറോഡുകളടക്കം തകർന്ന് തരിപ്പണമായി. ടാറിംഗ് കാണാനേയില്ല. നിരവധി കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. നിരവധിപ്പേരാണ് കുഴികളിൽ ചാടി അപകടത്തിൽപ്പെടുന്നത്. റോഡിന് വീതി കുറവായതും ചരക്ക് ലോറികൾ പാർക്ക് ചെയ്യുന്നതിനാൽ ഏത് സമയത്തും തിരക്കുള്ള റോഡാണിത്. മറ്റ് വാഹനങ്ങൾക്കായി സൈഡ് കൊടുക്കുമ്പോൾ ചെറുവാഹനങ്ങൾ കുഴികളിൽപ്പെടുകയാണ്. ടി.ബി റോഡിൽ അനുപമ തിയറ്ററിന് മുമ്പിൽ നിന്ന് മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ സ്ഥിതി ദയനീയമാണ്. കുത്തനെയുള്ള ഇറക്കത്തിൽ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് പ്രയാസപ്പെട്ടാണ്. വഴിയുടെ വശങ്ങളിൽ നിരവധി ഹോൾസെയിൽ റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളും ഉണ്ട്. പ്രതിഷേധത്തിനൊടുവിൽ മാർക്കറ്റിലെ പ്രധാന റോഡ് കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി നടത്തി ടാർ ചെയ്തിട്ടും ഈ റോഡ് അവഗണിക്കപ്പെട്ട നിലയിലാണ്.

മെറ്റൽ നിറഞ്ഞു തെന്നി വീഴരുതേ...

ടാർ ഇളകിമാറി മെറ്റൽനിറഞ്ഞു കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. ഇറക്കം കൂടിയ ഭാഗത്ത് കുഴികളായതിനാൽ എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് സൈഡ് നൽകാനും സാധിക്കാത്ത സ്ഥിതിയാണ്. റോഡിൽ മറിഞ്ഞുവീഴുമെന്ന സ്ഥിതിയുമാണ്. റോഡിലെ കുഴികൾ അടച്ച് റീ ടാർചെയ്ത് നൽകണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു.

എളുപ്പമാർഗം പക്ഷെ !

അന്യസംസ്ഥാനങ്ങളിൽ നിന്ന് ലോഡുമായി എത്തുന്ന ചരക്ക് ലോറികൾ ഉൾപ്പടെ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. ഇതോടെ റോഡിന്റെ മദ്ധ്യഭാഗം വരെ ഗതാഗതം തടസപ്പെട്ട നിലയിലാണ്. ബാക്കി ഭാഗത്താണേൽ നിറയെ കുഴിയും. മാർക്കറ്റിൽ നിന്ന് കെ.എസ്.ആർ.ടി.സിയിലേക്ക് എളുപ്പം എത്താൻ സാധിക്കുമെന്നതിനാൽ നിരവധിപ്പേരാണ് ഈ റോഡ് ഉപയോഗിക്കുന്നത്.

റോഡിലെ കുഴികൾ നികത്തി മികച്ച നിലവാരത്തിൽ ടാർ ചെയ്ത് അപകടഭീഷണി ഒഴിവാക്കണം. ഇറക്കത്തിൽ വാഹനം കുഴിയിൽ അകപ്പെട്ടാൽ മുന്നോട്ടെടുക്കുക ഏറെ പ്രയാസമാണ്. ഇതോടെ മാർക്കറ്റ് ഗതാഗതക്കുരുക്കിലമരും.

രതീഷ്, യാത്രക്കാരൻ