ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ തിരുവാതിര താലപ്പൊലി മഹോത്സവം ഇന്ന് തുടങ്ങും. രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമവും തുടർന്ന് നവഗ്രഹ ഹോമവുമുണ്ട്. തന്ത്രി നരമംഗലം ചെറിയനീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 8.30 ന് കലവറ നിറയ്ക്കൽ. പൂജാകർമ്മങ്ങൾക്കും പ്രസാദമൂട്ടിനും ആവശ്യമായ പൂക്കൾ, എണ്ണ, കർപ്പൂരം, നാളികേരം, പച്ചക്കറികൾ, അരി തുടങ്ങിയവ ഭക്തജനങ്ങൾ സമർപ്പിക്കും. 9.30 ന് പനച്ചിക്കാട് സരസ്വതീക്ഷേത്രത്തിലെ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന. 11 ന് പാലാ കെ.ആർ. മണി അവതരിപ്പിക്കുന്ന ഗരുഡഗർവ്വഭംഗം ഓട്ടൻതുളളൽ അരങ്ങേറും. 12.30 ന് പ്രസാദമൂട്ട്. വൈകിട്ട് 5.30 ന് നടക്കുന്ന തിരുവാതിരകളി വഴിപാട് ഗവ. ചീഫ് വിപ്പ് പ്രൊഫ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. 6.30 ന് വിശേഷാൽ ദീപാരാധന.

നാളെയാണ് താലപ്പൊലി ഘോഷയാത്ര. രാവിലെ 7 ന് ഉദയാസ്തമനപൂജ, 8 മുതൽ പുരാണ പാരായണം, 12.30 മഹാപ്രസാദമൂട്ട്, വൈകിട്ട് 7 ന് ഏഴാച്ചേരി തെക്ക് പാറപ്പറമ്പിൽ നിന്നും വടക്ക് കൊടുങ്കയത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. കാണിക്കമണ്ഡപം ജംഗ്ഷനിൽ ആയാംകുടി തങ്കപ്പമാരാരുടെ നേതൃത്വത്തിൽ താലപ്പൊലി എതിരേല്പ് പഞ്ചാവാദ്യവും അരങ്ങേറും. ഇരുദിക്കുകളിൽ നിന്നുമുള്ള ഘോഷയാത്ര കാണിക്കമണ്ഡപം ജംഗ്ഷനിൽ സംഗമിച്ച് മഹാഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങും. 8.30 ന് വെടിക്കെട്ട്. 8.45 ന് താലസദ്യ. 9.30 ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള.