കോട്ടയം : ശിവഗിരി തീർത്ഥാടകർക്ക് അന്നദാനത്തിനുള്ള ഉല്പന്നങ്ങളുമായി ഗുരുധർമ്മ പ്രചാരണസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന ഘോഷയാത്ര നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഇതിനോടനുബന്ധിച്ചുള്ള സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഭാ കേന്ദ്ര ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ശിവഗിരി മഠം പി.ആർ.ഒ ഇ.എം സോമനാഥൻ 15 സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. ജില്ലാ സെക്രട്ടറി വി.വി.ബിജു വാസ്, ജില്ലാ കോ-ഓർഡിനേറ്റർ ഷിബു മൂലേടം, മനോജ് മറിയപ്പള്ളി എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ ധർമ്മസംഘം ബോർഡ് അം​ഗം സ്വാമി ബോധിതീർത്ഥ ഫ്ലാഗ് ഓഫ് ചെയ്ത് അനു​ഗമിച്ചു. രാജു കരമശേരി, പി.കെ.രാജു, ടി.ജി.രവീന്ദ്രൻ, ഗോപാലകൃഷ്ണൻ കൊല്ലാട്, രാജു ശ്രീമംഗലം എന്നിവർ ഉല്പന്ന ഘോഷയാത്രക്ക് നേതൃത്വം നൽകി. ശിവഗിരിയിലെത്തിയ ഘോഷയാത്രയെ ശിവഗിരി മഠം ഭാരവാഹികൾ സ്വീകരിച്ചു. 12 വർഷമായ ഉല്പന്ന സമാഹരണത്തിന് നേതൃത്വം നൽകുന്ന ഷിബു മൂലേടത്തെ ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ ആദരിച്ചു.