വൈക്കം: അയ്യർകുളങ്ങര ഗവ.യു.പി സ്‌കൂളിലെ എല്ലാ കൂട്ടുകാർക്കും പുതുവത്സര ആശംസകൾ പോസ്റ്റ് കാർഡിൽ ലഭിക്കും. ഒരു കാലത്ത് സ്‌നേഹ സൗഹൃദങ്ങളുടെ പങ്കുവയ്ക്കലിന്റെ ഏറ്റവും വൈകാരിക തലത്തിലുള്ള മാദ്ധ്യമങ്ങൾ ആയിരുന്ന കത്തുകൾ ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. ഒരിക്കൽ പോലും ഒരു കത്ത് എഴുതുകയോ ലഭിക്കുകയോ പോലും ചെയ്യാത്തവർ ഇന്നുണ്ട്. വർത്തമാന കാലത്ത് കത്തെഴുത്തിന്റെ ഊഷ്മളതയെയും പോസ്റ്റൽ സംവിധാനത്തെയും പ്രായോഗികമായി പരിചയപ്പെടുകയാണ് കുട്ടികൾ. പ്രിന്റഡ് കാർഡുകൾക്കും സമൂഹമാദ്ധ്യമ സന്ദേശങ്ങൾക്കും ബദലായി പോസ്റ്റ് കാർഡിൽ സൗഹൃദ സന്ദേശങ്ങളും ചിത്രങ്ങളും രേഖപ്പെടുത്തി സുഹൃത്തുക്കൾക്ക് അയക്കുകയാണ് കുട്ടികൾ. സഹായത്തിന് അദ്ധ്യാപകരും രക്ഷിതാക്കളുമുണ്ട്. കുട്ടികൾ സ്വന്തം കൈപ്പടയിലാണ് കത്ത് തയ്യാറാക്കി അയക്കുന്നത്. എല്ലാ കുട്ടികൾക്കും കത്ത് ലഭിക്കും. പലർക്കും ആശംസാ കാർഡ് ലഭിച്ചു കഴിഞ്ഞു. കുട്ടികൾക്ക് തികച്ചും പുതിയ അനുഭവമാണ് കത്തും അതുമായെത്തുന്ന പോസ്റ്റുമാനും എല്ലാം. പഴയ വിലാസത്തിലെ പുതിയ തലമുറ പേരുകാരെ തിരഞ്ഞെത്തുന്ന പോസ്റ്റ്മാൻമാർക്കും വീടു പറഞ്ഞു കൊടുക്കുന്ന നാട്ടുകാർക്കും കൗതുകം തന്നെ. സ്‌കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ഇ.ജി.സാബു ആണ് ആശയം മുന്നോട്ടുവച്ചത്.