sad

കോട്ടയം. 90ാമത് തീർത്ഥാടനത്തിന് ശിവഗിരിയിൽ ഉയർത്താനുള്ള ധർമ്മപതാക കോട്ടയത്ത് തയ്യാറായി. ശബരിമല, ഏറ്റുമാനൂർ ഉൾപ്പെടെയുള്ള മഹാക്ഷേത്രങ്ങളിലെ കൊടിക്കൂറകൾ നി‌ർമ്മിക്കുന്ന ചെങ്ങളം ശ്രീകല ക്ഷേത്രചമയങ്ങളുടെ ഉടമ ഗണപതി നമ്പൂതിരിയാണ് ഇത്തവണയും ധർമ്മപതാക തയ്യാറാക്കിയത്. ഇന്നലെ രാവിലെ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഏറ്റുവാങ്ങിയ പതാക നാഗമ്പടം ക്ഷേത്രത്തിൽ എത്തിച്ചു. 29ന് രാവിലെ 11 ന് കോട്ടയം യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ അലങ്കരിച്ച ഹംസരഥത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പതാക ഘോഷയാത്ര പുറപ്പെടും.

30 ന് രാവിലെ തീർത്ഥാടനത്തിന്റെ പ്രതീകമായി കോട്ടയത്തിന്റെ പീതപതാക ശിവഗിരിയുടെ വാനിലുയരും.

ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകി അനുഗ്രഹിച്ചത് നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ വിശ്രമിക്കുമ്പോഴായിരുന്നു. ഈ ചരിത്രസ്മരണ ശാശ്വതീകരിക്കുന്നതിനാണ് എല്ലാവർഷവും തീർത്ഥാടന വേദിയിൽ ഉയർത്താനുള്ള ധർമപതാക നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് ശിവഗിരിയിൽ എത്തിക്കുന്നത്.

29ന് രാവിലെ 11 ന് കേന്ദ്രമന്ത്രി വി.മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾക്ക് പതാക കൈമാറും. നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം ശശി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, വനിതാ സംഘം സെക്രട്ടറി സുഷമ മോനപ്പൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി സുമോദ് എന്നിവർ പ്രസംഗിക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പതാക ഘോഷയാത്ര വൈകിട്ട് 5 ന് ശിവഗിരിയിലെത്തും. മഹാസമാധി മന്ദിരത്തിന് മുമ്പിൽ നടക്കുന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ പതാക ഏറ്റുവാങ്ങും. ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾ 29ന് രാവിലെ 11 ന് പീതാംബരധാരികളായി നാഗമ്പടം ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി ആർ.രാജീവ് അറിയിച്ചു.