വൈക്കം : ശിവഗിരി തീർത്ഥാടന പദയാത്രയുടെ പ്രസക്തിയും, പ്രാധാന്യവും ഓരോ വർഷവും വർദ്ധിച്ചു വരികയാണെന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടകരായി ശിവഗിരിലേക്ക് എത്തുന്നത്തെന്നും ഇത് ഗുരുദേവ ദർശനങ്ങളെ മഹത്വപ്പെടുത്തുന്നതാണെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ 8ാംമത് പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദയാത്ര ക്യാപ്റ്റനും, യൂണിയൻ പ്രസിഡന്റുമായ പി.വി.ബിനേഷിന് മന്ത്രി ധർമ്മ പതാക കൈമാറി. അഞ്ചു ദിവസം നീളുന്ന പദയാത്രയിൽ പീതവസ്ത്രധാരികളായ 135 യാത്രികരാണ് പങ്കെടുക്കുന്നത്. അഞ്ച് ദിവസം കാൽനടയാത്ര ചെയ്ത് 158 കിലോ മീറ്റർ താണ്ടി 30 ന് ശിവഗിരിയിൽ എത്തി ശിവഗിരി സമാധിയിൽ പദയാത്ര സമർപ്പിക്കും. യൂണിയൻ സെക്രട്ടറി എം.പി.സെൻ, വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ ,യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി.സന്തോഷ്, ബോർഡ് മെമ്പർ രാജേഷ് മോഹൻ, കൗൺസിലർമാരായ അഡ്വ.രമേശ് പി.ദാസ് ,ബിജു തുരുത്തുമ്മ, ബിജു കൂട്ടുങ്കൽ, മധു ചെമ്മനത്തുകര, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി.വേലായുധൻ, കെ.ആർ.പ്രസന്നൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പി.വി.വിവേക്, വനിതാസംഘം പ്രസിഡന്റ് ഷീജ സാബു, എസ്.ജയൻ, സജീവ് എന്നിവർ പങ്കെടുത്തു.