കോട്ടയം : നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിൽ കാറിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ കുഴിമറ്റം ആഞ്ഞിലിമൂട്ടിൽ റോജിൻ എ. തങ്കച്ചൻ, ഭാര്യ ജ്യോതി, മകൻ നഥാൻ, ജ്യോതിയുടെ പിതാവ് തോമസ്, മാതാവ് വിജി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ചിങ്ങവനം - ഞാലിയാകുഴി റോഡിൽ പനച്ചിക്കാട് സായ്പ്പ് കവലയിലാണ് അപകടം. ചിങ്ങവനം ശാലേം പള്ളി പെരുന്നാളിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു ഇവർ. കനത്തമഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. മുൻഭാഗം തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ചിങ്ങവനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.