കോട്ടയം : കിടപ്പ് രോഗികൾക്കുള്ള ആഹാര ഔഷധവിതരണത്തിന്റേതടക്കമുള്ള ഭക്ഷണ സാമഗ്രികളുടെ ചെലുകൾക്കുള്ള പണം കുടിശികയായതോടെ ഗവ. ആയുർവേദ ആശുപത്രികൾ സാമ്പത്തിക പ്രതിസന്ധിയിൽ. സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും പണം എന്നെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. സർക്കാർ സംവിധാനത്തിൽ ഓരോ ആവശ്യങ്ങൾക്കും ചെലവു തുക അഡ്വാൻസായി തരുകയാണ് പതിവ്. എന്നാൽ അവശ്യ വിഭാഗമായ ആയുർവേദാശുപത്രികളെ തഴയുകയാണ്. മേധാവികളാണ് ഇപ്പോൾ ചെലവ് വഹിക്കുന്നത്. നിലതുടർന്നാൽ കിടപ്പ് രോഗികൾക്കുള്ള ആഹാര ഔഷധവിതരണം തടസപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു. ആയുർവേദവിഭാഗം നടത്തുന്ന പ്ലാൻ പദ്ധതികളിലെ ജീവനക്കാർക്ക് ശമ്പളവും നിലച്ചിട്ട് മാസങ്ങളായി. കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാരിൽ പലരും ജോലി ഉപേക്ഷിക്കുകയാണ്. ഇത് മൂലം ഈ പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കില്ല. വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോ. രംഗത്തെത്തിയിട്ടുണ്ട്.