കോട്ടയം: മഹാകവി കുമാരനാശാന്റെ 150ാം ജന്മവാർഷികവും ഖണ്ഡകാവ്യമായ ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദിയും സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ കേരളകൗമുദി ഇന്ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ ആഘോഷിക്കും. ചടങ്ങിന്റെ ഭാഗമായി രാവിലെ 10ന് വിദ്യാർത്ഥികൾക്കായി കവിതാപാരായണ മത്സരം നടക്കും. 11ന് മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കാവ്യ-സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അശോകൻ വേങ്ങശ്ശേരി കൃഷ്ണൻ, വേദഗിരി നാരായണൻ, പുഷ്പ ബേബി തോമസ്, രമണി അമ്മാൾ, കെ.എൻ രവീന്ദ്രനാഥൻ എന്നിവരെ മന്ത്രി ആദരിക്കും. ഉപന്യാസ, കവിതാപാരായണ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആലപ്പുഴ തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിലെ ആർദ്ര അജിത്, രണ്ടാം സ്ഥാനം നേടിയ ആനിക്കാട് അരവിന്ദ വിദ്യാ മന്ദിരത്തിലെ പി.എം.ചിൻമയ, മൂന്നാം സ്ഥാനം നേടിയചങ്ങനാശേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ പി.എം.ശിവപ്രിയ, നാലാം സ്ഥാനം നേടിയ തൊടുപുഴ എ.പി.ജെ. അബ്ദുൾ കലാം ജി.എച്ച്.എസ്.എസിലെ അനന്ത ശിവൻ, പ്രോത്സാഹന സമ്മാനം നേടിയ പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിലെ ഹൃദ്യ അനൂപ് എന്നിവരും കാവ്യാലാപന മത്സര വിജയികളും സമ്മാനം ഏറ്റുവാങ്ങും
കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് മുഖ്യപ്രസംഗം നടത്തും. ആശാൻ കവിതകളെക്കുറിച്ച് എറണാകുളം മഹാരാജാസ് കോളേജ് റിട്ട.പ്രൊഫസർ എം.ജി ബാബുജി, എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ, എഴുത്തുകാരൻ അശോകൻ വേങ്ങശേരി കൃഷ്ണൻ എന്നിവർ സംസാരിക്കും. സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ സ്വാഗതവും ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ നന്ദിയും പറയും.