പൊൻകുന്നം : സംസ്ഥാനപാതയായ പൊൻകുന്നം - പാലാ റോഡിൽ രണ്ടാംമൈൽ ജംഗ്ഷനിൽ നിന്ന് പനമറ്റത്തേക്ക് പോകുന്ന അക്കരക്കുന്ന് റോഡും ഇടയ്ക്കുള്ള പാലവും തകർന്ന് തരിപ്പണമായതോടെ വാഹനഗതാഗതം ദുസ്സഹമായി. എലിക്കുളം പഞ്ചായത്തിലെ 8, 9വാർഡുകളിലെ ജനങ്ങളുടെ ആശ്രയമായ ഈ പാതയിലൂടെ ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്നതാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഓട്ടോറിക്ഷകളും ടാക്‌സിയും ഓട്ടം വിളിച്ചാൽ ഇതുവഴി വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് റോഡുകളുടെ ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്തതും പ്രശ്നമാണ്. ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പഞ്ചായത്ത് ഫണ്ട് കൊണ്ട് കാര്യമല്ല

കാലാകാലങ്ങളിൽ കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്യാതിരുന്നതിനാൽ ഗ്രാമപഞ്ചായത്തിന്റെ തുച്ഛമായ ഫണ്ടുപയോഗിച്ച് റോഡ് നന്നാക്കുക അസാദ്ധ്യമാണ്. ബ്ലോക്ക്, ജില്ലാപഞ്ചായത്തുകൾ, എം.പി, എം.എൽ.എ ഫണ്ട് എന്നിവകൂടി ലഭ്യമായെങ്കിൽ മാത്രമേ റോഡ് പൂർണ്ണമായും നവീകരിക്കാൻ കഴിയൂ.

പ്രായമായവരെയും, രോഗികളെയും കൊണ്ട് ആശുപത്രിയിൽ പോകാൻ ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷ പോലും ഇതുവഴിയെത്തിയില്ല. സമീപ വീടുകളിലെ വാഹനങ്ങളാണ് ആശ്രയം. എത്രയും പെട്ടെന്ന് റോഡ് ടാർ ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണം.

സതീശൻ, പ്രദേശവാസി