കുറവിലങ്ങാട് : നാടകരാവുകൾക്ക് കുറവിലങ്ങാട് തിരി തെളിഞ്ഞു. മാസ്സ് കൾച്ചറൽ ഫോറവും ദേവമാതാ കോളേജും സംഗീത നാടക അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച നാടകോത്സവം നാടക ചലച്ചിത്ര പ്രവർത്തകൻ സേവ്യർ പുൽപ്പാട് ഉദ്ഘാടനം ചെയ്തു. മാസ്സ് പ്രസിഡന്റ് ജി.ജയശങ്കർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ദേവമാതാ കോളേജ് ബർസാർ റവ.ഡോ. ജോയൽ ജേക്കബ് പണ്ടാരപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർ എം.എൻ.രമേശൻ, സി.പി.എം ലോക്കൽ സെക്രട്ടറി സദാനന്ദ ശങ്കർ, അഡ്വ.കെ.രവികുമാർ, പി.ജെ.പ്രകാശ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൊല്ലം അസ്സീസ്സിയുടെ ജലം നാടകം അരങ്ങേറി. ആലുവ അശ്വതിയുടെ നിഴൽ, പാലാ കമ്മ്യൂണിക്കേഷന്റെ അകം പുറം, തിരുവനന്തപുരം സോപാനത്തിന്റെ 'തീവണ്ടി' തുടങ്ങിയ നാടകങ്ങളാണ് ഇനി വേദിയിൽ എത്തുന്നത്.