കോട്ടയം: അനാചാരങ്ങൾക്കെതിരെ തൂലിക പടവാളാക്കിയ ആദ്യകവിയാണ് കുമാരനാശാനെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കേരളകൗമുദി സംഘടിപ്പിച്ച മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികവും ഖണ്ഡകാവ്യമായ ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താഴേ തട്ടിലുള്ളവരുടെ ദുരവസ്ഥയെപ്പറ്റി ധീരമായി പറഞ്ഞത് ആശാനാണ്. മലയാള സാഹിത്യത്തിൽ കാല്പനികതയ്ക്ക് തുടക്കം കുറിയ്ക്കാൻ ആശാനായി. ചണ്ഡാലഭിക്ഷുകി ഉൾപ്പെടെയുള്ള ആശാന്റെ കാവ്യങ്ങൾ സാമൂഹിക പരിവർത്തനത്തിന് കാരണമായി. ശക്തരായ നായികമാരെയാണ് ആശാൻ തന്റെ കവിതയിൽ അവതരിപ്പിച്ചത്. നളിനി, ലീല, വാസവദത്ത, മാതംഗി തുടങ്ങിയ കഥാപാത്രങ്ങളിൽ നിന്ന് അത് വ്യക്തമാകും. തന്നോടു കാട്ടിയ അനീതിക്കെതിരെ രാമനെതിരെ പ്രതിഷേധമുയർത്തുന്ന സീതയെയാണ് ചിന്താവിഷ്ടയായ സീതയിൽ നാം കാണുന്നത്. ആധുനിക കാലഘട്ടത്തിൽ സ്ത്രീകൾക്ക് പലതിനെയും ചോദ്യം ചെയ്യാനുള്ള തന്റേടം ലഭിച്ചത് ഇത്തരം കവിതകളിൽ നിന്നുകൂടിയാണ്. സ്ത്രീത്വത്തെ ഉയർത്തിപ്പിടിച്ച് സമൂഹത്തിന്റെ അധമസംസ്കാരത്തിനെതിരെ അടരാടുന്ന ഉദാത്തമായ മനുഷ്യസംസ്കാരത്തിന്റെ മാതൃകയാവാൻ ആശാന് കഴിഞ്ഞു. ആശാന്റെ കാവ്യങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകണം. അതിനായി കേരളകൗമുദി എടുക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള സമീപനം പ്രശംസാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹൃസ്വമായ കാലഘട്ടം കവിതയുടെ ലോകത്തിൽ വിഹരിച്ച്, ഈടുറ്റ സാഹിത്യസൃഷ്ടികൾ സമ്മാനിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ വ്യക്തിയാണ് കുമാരനാശാനെന്ന് മുഖ്യപ്രസംഗം നടത്തിയ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. ജാതി വ്യവസ്ഥക്കെതിരെയുള്ള ആശാന്റെ പോരാട്ടം വിപ്ലവകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കാവ്യ-സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അശോകൻ വേങ്ങശ്ശേരി കൃഷ്ണൻ, വേദഗിരി നാരായണൻ, കെ.എൻ രവീന്ദ്രനാഥൻ, രമണി അമ്മാൾ, പുഷ്പ ബേബി തോമസ് എന്നിവരെ മന്ത്രി ആദരിച്ചു. ഉപന്യാസ , കാവ്യാലാപനമത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി വി.എൻ.വാസവനും ഡോ.എൻ.ജയരാജും സമ്മാനങ്ങൾ വിതരണം ചെയ്തു.
കാവ്യാലാപന മൽസരത്തിൽ ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഹയർസെക്കൻഡറി സ്കൂളിലെ ഹൃദ്യ അനിൽകുമാർ ഒന്നാം സ്ഥാനവും ആനിക്കാട് അരവിന്ദ വിദ്യാമന്ദിരത്തിലെ പി.എം ചിന്മയ രണ്ടാം സ്ഥാനവും അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസിലെ ചൈത്ര സി. ബിജു മൂന്നാം സ്ഥാനവും അറക്കുളം സെന്റ് മേരീസ് എച്ച്. എസ്.എസിലെ എം.ബി അക്ഷര നാലാം സ്ഥാനവും കിളിരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ അവിനാശ് ബിജു പ്രോത്സാഹന സമ്മാനവും നേടി. ഉപന്യാസമത്സരത്തിൽ തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ആർദ്ര അജിത് ഒന്നാം സ്ഥാനവും ആനിക്കാട് അരവിന്ദ വിദ്യാമന്ദിരത്തിലെ പി.എം ചിന്മയ രണ്ടാം സ്ഥാനവും ചങ്ങനാശേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ പി.എം ശിവപ്രിയ മൂന്നാം സ്ഥാനവും തൊടുപുഴ എ.പി.ജെ അബ്ദുൾകലാം ജി.എച്ച്.എസ്.എസിലെ അനന്ദാ ശിവൻ നാലാം സ്ഥാനവും പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിലെ ഹൃദ്യ അനൂപ് പ്രോത്സാഹന സമ്മാനവും നേടി.
കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ആശാൻ കവിതകളെക്കുറിച്ച് എറണാകുളം മഹാരാജാസ് കോളേജ് റിട്ട.പ്രൊഫസർ ഡോ.എം.ജി ബാബുജി, എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ എന്നിവർ പ്രഭാഷണം നടത്തി. ആദരവ് ഏറ്റുവാങ്ങിയവർ മറുപടി പറഞ്ഞു. സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ സ്വാഗതവും ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ നന്ദിയും അറിയിച്ചു.