ഏഴാച്ചേരി : ഭാരതീയ സംസ്‌കാരങ്ങളെ കാത്തുസംരക്ഷിക്കുന്നതാണ് ആരാധാനാലയങ്ങളിലെ വിവിധ അനുഷ്ഠാനങ്ങളും അത്യപൂർവ്വ ചടങ്ങുകളുമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിരകളി വഴിപാടിന് തിരിതെളിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രകലകളുടെ പുനരുദ്ധാരണം അനുഷ്ഠാനത്തിന്റെ നിലനില്പ്പിനൊപ്പം കലാകാരൻമാരുടെ നല്ലജീവിതത്തിനും അനിവാര്യമാണെന്നും അദ്ദേഹം തുടർന്നു. ജില്ലകളിൽ നിന്നായി 25ഓളം ടീമുകൾ തിരുവാതിരകളിയിൽ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിൽ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. സുകുമാരൻ നായർ, പി.എസ്. ശശിധരൻ, ചന്ദ്രശേഖരൻ നായർ പുളിക്കൽ, ജയചന്ദ്രൻ വരകപ്പള്ളിൽ, സി.ജി.വിജയകുമാർ, ആർ.സുനിൽകുമാർ തുമ്പയിൽ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ തന്ത്രിയുടെ പ്രതിപുരുഷൻ പെരിയമന നാരായണൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമം, തുടർന്ന് പനച്ചിക്കാട് ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന, പാലാ കെ.ആർ. മണിയുടെ ഓട്ടൻതുള്ളൽ എന്നിവയും നടന്നു. ഇന്ന് രാവിലെ 7 ന് ഉദയാസ്തമന പൂജ. 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7 ന് താലപ്പൊലി ഘോഷയാത്ര ഏഴാച്ചേരി തെക്കുനിന്നും വടക്കുനിന്നും ആരംഭിക്കും. 8.30 ന് വെടിക്കെട്ട്, 8.45 ന് താലസദ്യ, രാത്രി 9.30 ന് ഗാനമേള.