പാലാ : നഗരസഭാ സ്ഥാനങ്ങൾ വീതംവയ്ക്കുന്ന കാര്യത്തിൽ ഉടക്കുമായി സി.പി.ഐ. വീതംവയ്പ്പിൽ തങ്ങളെ അവഗണിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ ചേർന്ന ഇടതുമുന്നണി പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആദ്യം തീരുമാനിച്ച സി.പി.ഐ പിന്നീട് കേരള കോൺഗ്രസ് (എം) പാലാ മണ്ഡലം നേതൃത്വത്തിന്റെ ഇടപെടലോടെ തീരുമാനം മാറ്റി. പാലാ നഗരസഭാ ഭരണസമിതിയിലെ സ്ഥാനങ്ങളുടെ വീതംവയ്പ്പിൽ സി.പി.ഐയെ തുടർച്ചയായി തഴയുന്നതിൽ പാർട്ടി കടുത്ത അമർഷത്തിലാണ്. ഇന്നലെ പാർലമെന്ററി പാർട്ടി യോഗം ചേരുന്ന വിവരം ആദ്യം കൗൺസിലർ സന്ധ്യാ വിനുകുമാറിനെ മാത്രമേ അറിയിച്ചിരുന്നുള്ളൂ. സി.പി.ഐയുടെ നേതാക്കളെ അറിയിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ കേരള കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപ്പടവിൽ സി.പി.ഐ നേതാവ് തോമസ്. വി.ടിയെ അടിയന്തിരമായി വിളിച്ച് യോഗത്തിൽ എത്തണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. സി.പി.എമ്മിന് ചെയർമാൻ സ്ഥാനം കൊടുക്കുന്ന ഒരു വർഷമെങ്കിലും തങ്ങൾക്ക് വൈസ് ചെയർമാൻ പദവി വേണമെന്നാണ് സി.പി.ഐ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. അതിന് സമ്മതമില്ലെങ്കിൽ 3 വർഷം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം കിട്ടിയേ തീരൂ. ഇതിനും സമ്മതമല്ലെങ്കിൽ നേരത്തെ തരാമെന്ന് പറഞ്ഞിരുന്ന ഒന്നരവർഷത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം വേണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്. ഇതിനിടെ ഇന്നലെ വൈകിട്ട് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ചെയർമാൻ ആന്റോ ജോസ് ഇന്ന് വൈകിട്ട് 4.30 ന് താൻ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. മുൻ ധാരണപ്രകാരം സി.പി.എം പ്രതിനിധിയാണ് ഇനി ചെയർമാനാകുക. ഇതിനിടെ സി.പി.ഐ ഉയർത്തിയ അഭിപ്രായ ഭിന്നത ഇടതുമുന്നണിയ്ക്ക് തലവേദനയായിരിക്കുകയാണ്.