ഏറ്റുമാനൂർ : മാരിയമ്മൻ കോവിലിൽ നാൽപ്പത്തിയൊന്നു മഹാേത്സവത്തിന് സമാപനം കുറിച്ചുള്ള മഞ്ഞൾ നീരാട്ട് ഇന്ന് രാവിലെ 9.30 ന് ആരംഭിക്കും. ഭക്തർ ഉദ്ധിഷ്ട കാര്യസിദ്ധിക്കായി വഴിപാടായി അഞ്ചു വലിയ ഓട്ടു വാർപ്പുകളിലെ ശുദ്ധജലത്തിൽ സമർപ്പിക്കുന്ന മഞ്ഞൾപ്പൊടി തിളച്ച് മറിയുമ്പോൾ ക്ഷേത്ര കാേമരങ്ങൾ ഉറഞ്ഞു തുള്ളി സ്വന്തം കരങ്ങളാലും കവുങ്ങിൻ പൂക്കുലകളാലും സ്വശരീരത്തിൽ അഭിക്ഷേകം നടത്തുന്ന അത്യപൂർവ്വ ചടങ്ങാണ് മഞ്ഞൾ നീരാട്ട്. ഇതിന് ശേഷം നടക്കുന്ന മഹാപ്രസാദമൂട്ടോട് കൂടി ക്ഷേത്ര നട അടയ്ക്കും. ജനവരി 2 നാണ് നടതുറപ്പുത്സവം.
ഇന്നലെ രാവിലെ ക്ഷേത്രത്തിൽ നടന്ന പൊങ്കാലക്ക് ഏറ്റുമാനൂർ മഹാദേവക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.ആർ.ജ്യോതി ദീപം പകർന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് പുഷ്പാഭിക്ഷേകത്തിനുള്ള കുംഭം ഘോഷയാത്രയായി എഴുന്നള്ളിച്ച് നഗര പ്രദക്ഷണമായി ക്ഷേത്രത്തിൽ എത്തി ദേവതകൾക്ക് പുഷ്പാഭിഷേകം നടത്തി. രാത്രി 7.30 ന് കറുപ്പൻ ഊട്ടും. 12.30ന് പ്രധാന ചടങ്ങുകളായ ആഴിപൂജയും, ആഴി പ്രവേശനവും നടന്നു.