മുണ്ടക്കയം ബസ് സ്റ്റാൻഡിൽ അപകടങ്ങൾ തുടർക്കഥ
മുണ്ടക്കയം: ഒന്നും രണ്ടുമല്ല, എണ്ണിയാൽ തീരാത്ത തരത്തിൽ അപകടങ്ങൾ. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ഇപ്പോൾ അപകടകേന്ദ്രമായി മാറുകയാണ്. ഇവിടെ നിയമവും നിയന്ത്രണവുമില്ല. എല്ലാം തോന്നുംപടി. പിന്നെങ്ങനെ അപകടങ്ങൾ ഒഴിയാൻ... മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യാൻ ക്രമീകരണം ഇല്ലാത്തതാണ് അപകടസാധ്യത വർദ്ധിപ്പിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു. പുഞ്ചവയൽ തറയചേരിയിൽ പ്രിൻസ് (20) നാണ് പരിക്കേറ്റത്. ബസിന്റെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ബസ് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. നിരവധി അപകടങ്ങളാണ് ബസ് സ്റ്റാൻഡിൽ സംഭവിച്ചിട്ടുള്ളത്. ഓരോ അപകടങ്ങൾ നടക്കുമ്പോഴും അധികാരികൾ നിയന്ത്രണങ്ങൾ കൊണ്ടുവരും. എന്നാൽ ദിവസങ്ങൾ കഴിയുമ്പോൾ അത് കാറ്റിൽ പറത്തും.
ആര് പാലിക്കാൻ
പുറപ്പെടുന്ന ബസുകൾ സ്റ്റാൻഡിൽ നിർത്തരുതെന്നാണ് നിർദേശം. പക്ഷേ നിയമം പാലിക്കാറില്ല. ബസ് പുറപ്പെടുമ്പോൾ മുതൽ ദേശീയപാതയിൽ പ്രവേശിക്കുന്നതുവരെ നിരവധി തവണ നിർത്തിയാണ് ബസുകൾ പോകുന്നതും. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ് മുണ്ടക്കയത്ത്. വലിയ അപകടങ്ങൾ വരുന്നത് കാത്തുനിൽക്കാതെ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.