രാജി ഇടതുമുന്നണിയിലെ മുൻധാരണ പ്രകാരം
പാലാ: പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ഇന്നലെ വൈകിട്ട് മുനിസിപ്പൽ സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചു. ഇടതുമുന്നണിയിലെ മുൻധാരണ പ്രകാരമാണ് രാജി. മൂന്നാഴ്ചയ്ക്കുള്ളിൽ പുതിയ ചെയർമാനെ തെരഞ്ഞെടുക്കും.
ഒട്ടേറെ വികസനപദ്ധതികൾ നടപ്പാക്കിയാണ് ആന്റോ ജോസ് സ്ഥാനമൊഴിയുന്നത്. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ഉൾപ്പെടെ ശ്രദ്ധേയമായ നടപടികൾ കൈകൊണ്ടു. പുത്തൻപള്ളിക്കുന്നിലെ പൊതുശ്മശാനം 'ആത്മവിദ്യാലയം' പരമ്പരാഗത വിറക് ചൂളയിൽ നിന്നും എൽ.പി.ജി വാതക ശ്മശാനമാക്കി മാറ്റിയത് അദ്ദേഹത്തിന്റെ വികസനവഴിയിലെ വലിയ നേട്ടമാണ്. രാജിവ്ഗാന്ധി ഹൈടെക് ലാബ് ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചതും ആന്റോ ജോസിന്റെ ഭരണകാലയളവിലാണ്. നിലവിലെ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദാണ് ആക്ടിംഗ് ചെയർപേഴ്‌സൺ.
നഗരഭരണ ചരിത്രത്തിൽ ആദ്യമായാണ് സി.പി.എം. പ്രതിനിധി ആക്ടിംഗ് ചെയർപേഴ്‌സണാകുന്നത്. ചെയർമാൻ പദവിയുടെ ഇനിയുള്ള ഒരു വർഷത്തെ ഊഴം സി.പി.എമ്മിനാണ്.ഇടതുമുന്നണിയിൽ ചരടുവലികൾ നടന്നില്ലെങ്കിൽ അഡ്വ.ബിനു പുളിക്കക്കണ്ടം പാലാ നഗരഭരണ ചരിത്രത്തിലെ ആദ്യ സി.പി.എം ചെയർമാനാകുമെന്ന് ഉറപ്പാണ്. സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വൻഭൂരിപക്ഷത്തോടെ വിജയിച്ച അഡ്വ.ബിനു പുളിക്കക്കണ്ടത്തിനു തന്നെയാണ് ആദ്യ പരിഗണന. ഇതു മനസിലാക്കിയ ചിലർ അഡ്വ. ബിനു പുളിക്കക്കണ്ടത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നത് വലിയ ചർച്ചയായിട്ടുണ്ട്. അഡ്വ. ബിനു പുളിക്കക്കണ്ടം കഴിഞ്ഞ നാലു ടേമായി മുനിസിപ്പൽ കൗൺസിലറാണ്.