
കോട്ടയം : ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള അഷ്ട ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ശിവഗിരി തീർത്ഥാടന പതാക ഘോഷയാത്രാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്ധ്യാത്മികതയ്ക്കും ഭൗതികതയ്ക്കും പ്രാധാന്യം നൽകിയാണ് ഗുരുദുവേൻ ശിവഗിരി തീർത്ഥാടനം വിഭാവനം ചെയ്തത്. ഗുരുദർശനത്തെ കാലികമായി അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. സ്വച്ഛഭാരതിലൂടെ ശുചിത്വത്തിനും, നൈപുണ്യ വികസനത്തിലൂടെ കൈത്തൊഴിലിനും, ഡിജിറ്റൽ രംഗത്തെ വിപ്ളവകരമായ മാറ്റത്തിലൂടെ ശാസ്ത്രസാങ്കേതിക വിദ്യയ്ക്കും മോദി പ്രാധാന്യം നൽകി. ശിവഗിരി തീർത്ഥാടന ലക്ഷ്യത്തിലൂടെ സനാതന ദർശനമാണ് ഗുരുദേവൻ വിഭാവനം ചെയ്തത്. ഭാരതീയ ദർശനത്തെ കാലികമായി തീർത്ഥാടന രൂപത്തിൽ ഗുരു അവതരിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് അവ കാലാതീതമായി നിലനിൽക്കുന്നത്. അഷ്ട ലക്ഷ്യങ്ങൾ ജീവിതത്തിൽ നടപ്പാക്കിയാൽ ഉത്തമ പൗരനാവാം. മറ്റ് തീർത്ഥാടനങ്ങളിൽ നിന്ന് ശിവഗിരി തീർത്ഥാടനം വ്യത്യസ്തമാകുന്നത് ഇതിനാലാണെന്നും വി.മുരളീധരൻ പറഞ്ഞു.
നാഗമ്പടം തേൻമാവിൻ ചുവട്ടിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധുവും, സെക്രട്ടറി ആർ.രാജീവും ചേർന്ന് ധർമ്മപതാക കേന്ദ്രമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. എം.മധു അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. തേൻമാവിൻ ചുവട് മനോഹരമാക്കിയ ഗുരുസ്മൃതി ഗ്ളോബൽ ടീമിനെ യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ ആദരിച്ചു. ഇളനീർ തീർത്ഥാടനത്തിനുളള ആദ്യ ഫണ്ട് സുരേഷ് ,ലക്ഷ്മി സുരേഷ് എന്നിവർ ചേന്ന് എം.മധുവിന് കൈമാറി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ, വൈദികയോഗം സെക്രട്ടറി വിഷ്ണു നാരായണൻ ശാന്തി തുടങ്ങിയവർ പങ്കെടുത്തു.