പാലാ ജനറല്‍ ആശുപത്രിയിലേക്കുള്ള വഴിയിൽ ഗർത്തം

പാലാ: ഇറക്കമിറങ്ങി വരുന്ന യാത്രക്കാർ നടുതല്ലി വീണാൽ എന്താകും അവസ്ഥ..! ജനറൽ ആശുപത്രിയിലേക്കുള്ള വഴി വീതികൂട്ടി ടാർചെയ്യുമെന്ന വാഗ്ദാനമൊക്കെ അവിടെ നിൽക്കട്ടെ. നിലവിൽ ഈ റോഡിലെ കുഴിയൊന്ന് അടച്ചുതരാമോ. അത് ചെയ്താൽതന്നെ വളരെ ഉപകാരം. ഇവിടേയ്‌ക്കെത്തുന്ന പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ റോഡിന്റെ ശോച്യാവസ്ഥയിൽ വലയുകയാണ്. ശരീരമാസകലം വേദനയുമായി ഇടിഞ്ഞുപൊളിഞ്ഞ റോഡിലൂടെ വാഹനത്തിലാണ് വരുന്നതെങ്കിൽ അസുഖം മൂന്നിരട്ടിയാകും. അത്രയ്ക്കുണ്ട് കുഴികൾ. ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് കയറുന്ന ഭാഗത്തോടു ചേർന്നുള്ള റോഡിൽ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ ആരോ ഒരു കല്ലെടുത്ത് വച്ചതുമാത്രം മിച്ചം. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ ഈ കുഴിയിൽ ചാടിയാൽ അപകടമുറപ്പ്. ഇരുചക്രവാഹനങ്ങളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട.

ജനറൽ ആശുപത്രി റോഡ് നന്നാക്കുമെന്നും വീതികൂട്ടി പണിയുമെന്നുമുള്ള ഉറപ്പുകൾ ജനം കേട്ടുമടുത്തു. പറച്ചിലല്ലാതെ നടപടിയില്ലെന്ന് മാത്രം. രോഗം മൂലം അവശതയിലുള്ള രോഗികൾ ഈ കയറ്റം നടന്നുകയറമ്പോൾതന്നെ മടുക്കും. ഓട്ടോറിക്ഷായിലോ മറ്റോ ആണെങ്കിൽ കുഴികളിൽ ചാടി ഊപ്പാടുതീരും.

റോഡ് നിറയെ കുഴികളായതിനാൽ മെറ്റിലുകൾ ചിതറിത്തെറിച്ച് കിടക്കുകയാണ്. ഇതും ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വെല്ലുവിളിയാണ്.


പരാതി നൽകി


ജനറൽ ആശുപത്രിയിലേക്കുള്ള റോഡിലെ കുഴികൾ എത്രയുംവേഗം അടയ്ക്കണമെന്ന് പാലാ പൗരസമിതി നഗരസഭാ അധികൃതരോടും പി.ഡബ്ലി.യു.ഡി അധികാരികളോടും ആവശ്യപ്പെട്ടു. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി അയച്ചതായും പൗരസമിതി പ്രസിഡന്റ് പി. പോത്തൻ പറഞ്ഞു.