കോട്ടയം: ജില്ലയിൽ 'അതിതീവ്ര മഴ'! നാലു താലൂക്കുകളിൽ 'വെള്ളപ്പൊക്കം' കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കലിൽ 'മണ്ണിടിച്ചിൽ', വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരേസമയം എല്ലാ സ്ഥലങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ... ജില്ലയിൽ വിവിധ വകുപ്പുകളുടെ ദുരന്തനിവാരണ രക്ഷാപ്രവർത്തനങ്ങളുടെ പ്രതികരണശേഷിയും കരുത്തും വ്യക്തമാക്കി മോക്ഡ്രിൽ. ഇതാദ്യമായാണ് എല്ലാ താലൂക്കുകളിലും ഒരേസമയം മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
രാവിലെ ഒമ്പതിന് പടിഞ്ഞാറൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച മുന്നറിയിപ്പ് ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ (ഡി.ഇ.ഒ.സി.) ലഭിച്ചതോടെയാണ് മോക്ഡ്രില്ലിന് തുടക്കമായത്. വിവരം ഉടൻ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്ക് കൈമാറി. കളക്ടർ ഡോ.പി.കെ ജയശ്രീ എമർജൻസി ഓപ്പറേഷൻ സെന്ററിലെത്തി ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. മീനച്ചിലിൽ ആർ.ഡി.ഒയും മറ്റിടങ്ങളിൽ തഹസിൽദാർമാരും ഇൻസിഡന്റ് റെസ്‌പോൺസ് ഓഫീസർമാരായി. കോട്ടയത്ത് തിരുവാർപ്പ് പഞ്ചായത്തിലും ചങ്ങനാശേരിയിൽ വാഴപ്പള്ളി പാറാലും വൈക്കത്ത് ഉദയനാപുരം വല്ലകം വാഴമന ഭാഗത്തും പാലായിൽ നഗരസഭയിലുമാണ് 'വെള്ളപ്പൊക്ക'മുണ്ടായത്. കൂട്ടിക്കലിൽ അഞ്ചുമരം ഭാഗത്താണ് 'മണ്ണിടിച്ചിലു'ണ്ടായത്.

തിരുവാർപ്പിൽ 'വെള്ളപ്പൊക്കം'

ഡി.ഇ.ഒ.സി.യിൽ നിന്ന് ലഭിച്ച അറിയിപ്പിനെത്തുടർന്ന് അഗ്‌നി രക്ഷാസേനയും പൊലീസും റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും തിരുവാർപ്പിലെത്തി. മാധവശേരി കോളനിയിലെ 'വെള്ളംകയറിയ' വീടുകളിൽനിന്ന് 18 കുടുംബങ്ങളെ സുരക്ഷിതസ്ഥാനമായ തിരുവാർപ്പ് ഗവൺമെന്റ് യു.പി സ്‌കൂളിലേക്ക് മാറ്റി. 32 പേരടങ്ങുന്ന ക്യാമ്പിൽ ആരോഗ്യജീവനക്കാരെയടക്കം നിയോഗിച്ചു. രക്ഷപ്പെടുത്തിയ ഗർഭിണിയായ സ്ത്രീയെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെ തിരുവാർപ്പ് ക്ഷേത്രക്കുളത്തിൽ നിന്ന് യുവാവിനെ അഗ്‌നിരക്ഷാസേനയും സിവിൽ ഡിഫൻസ് പ്രവർത്തകരും ചേർന്ന് 'രക്ഷപ്പെടുത്തി'.

'പ്രളയം'പാലായിൽ

മീനച്ചിലാറിലെ രാജധാനികടവിന് സമീപം പ്രളയത്തിലകപ്പെട്ട 50 വയസുകാരൻ കല്ലൂർ പുളിക്കൽ വീട്ടിൽ പി.വി ഷിബുവിനെയും വള്ളിച്ചിറ വേളപ്പറമ്പിൽ വീട്ടിൽ 60 വയസുള്ള ലാലി ജോസഫിനെയും 'രക്ഷപ്പെടുത്തി'യാണ് മീനച്ചിൽ താലൂക്കിൽ മോക്ഡ്രിൽ ആരംഭിച്ചത്. 'വെള്ളപ്പൊക്ക'ത്തിൽ രക്ഷപ്പെട്ടവർക്കുള്ള പ്രാഥമിക ശുശ്രൂഷകൾക്കായി മുരിക്കുംപുഴ ഇന്റർനാഷൽ ജിമ്മിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് ഒരുക്കിയിരുന്നു. ലാലി ജോസഫിനെ 'വിദഗ്ധ ചികിത്സയ്'ക്കായി പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുരുക്കുംപുഴയിൽ 'വെള്ളംകയറിയ' വീടുകളിൽ നിന്ന് 26 പേരെ അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷിച്ച് പാലാ സെന്റ് തോമസ് ഹൈസ്‌ക്കൂളിലെത്തിച്ച് ദുരിതാശ്വാസക്യാമ്പ് തുടങ്ങി. തുടർന്ന് കിടങ്ങൂരിൽ 'വെള്ളംകയറിയ' വീടുകളിൽനിന്നുള്ളവരെ ശിവകുളങ്ങര എൽ.പി. സ്‌കൂളിലെ സുരക്ഷിത ക്യാമ്പിലേക്ക് മാറ്റി. മെഡിക്കൽ സംഘത്തെ ക്യാമ്പുകളിൽ നിയോഗിച്ചു.

വൈക്കത്ത് 'വെള്ളപ്പൊക്കം'

ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ വാഴമന, കൊടിയാട് മേഖലയിലെ രക്ഷാപ്രവർത്തനത്തിൽ 'പ്രളയബാധിതരായ' 34 കുടുംബങ്ങളെ ആരോഗ്യവകുപ്പിന്റെയും ഫയർഫോഴ്‌സിന്റെയും ആംബുലൻസുകളിൽ വല്ലകം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേയ്ക്ക് മാറ്റിയാണ് മോക്ഡ്രിൽ ആരംഭിച്ചത്. 'തലകറക്കം അനുഭവപ്പെട്ട' പൊന്നു എന്ന സ്ത്രീയെ സ്ട്രച്ചറിൽ കിടത്തി ക്യാമ്പിലെ മെഡിക്കൽസംഘത്തിന്റെ അടുത്തെത്തിച്ചു. 46 പേരെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ 'പരുക്കേറ്റ' ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും ക്യാമ്പിൽ മെഡിക്കൽ സേവനം ലഭ്യമാക്കി.

കൂട്ടിക്കലിൽ 'മണ്ണിടിഞ്ഞു'

കൂട്ടിക്കൽ അഞ്ചുമുറിയിൽ 'മണ്ണിടിച്ചിലിൽ' ഒറ്റപ്പെട്ടുപോയ 28 പേരെ രക്ഷപ്പെടുത്തിയാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ മോക്ഡ്രില്ലിന് തുടക്കമായത്. രക്ഷപെടുത്തിയവരെ ഏന്തയാർ ജെ.ജെ മർഫി ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്ന് 'പരുക്കേറ്റ' മൂന്നുപേരെ രക്ഷപ്പെടുത്തി പ്രാഥമിക ശുശ്രൂഷകൾക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം ജോസുകുട്ടിയ്ക്കായിരുന്നു ചുമതല.

ചങ്ങനാശേരിയിൽ
കുട്ടികളെ 'രക്ഷപ്പെടുത്തി'

വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജ് ഓഫീസ് പരിധിയിലെ പറാൽ വിവേകാനന്ദ സ്‌കൂൾ പരിസരത്തുണ്ടായ 'വെള്ളപ്പൊക്കത്തിൽ' ഒറ്റപ്പെട്ടുപോയ അമ്പതോളം സ്‌കൂൾ കുട്ടികളെ 'രക്ഷപ്പെടുത്തി' സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചതോടെയാണ് താലൂക്കിൽ മോക്ഡ്രിൽ ആരംഭിച്ചത്. കുമരംകരി പാലത്തിനു സമീപ പ്രദേശങ്ങളിലെ വീടുകളിൽ നിന്നുള്ളവരെയും ചങ്ങനാശേരി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ പ്രത്യേക ക്യാമ്പിൽ പ്രവേശിപ്പിച്ചു. ഭക്ഷണവും മെഡിക്കൽ സഹായവും ലഭ്യമാക്കി. രണ്ടു 'കിടപ്പുരോഗികളെ' മെഡിക്കൽ ടീമിന്റെ സഹായത്തോടെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തഹസിൽദാർ ടി.ഐ വിജയസേനനായിരുന്നു ഐ.ആർ.എസ് ഓഫീസർ.12.30ന് മോക്ഡ്രിൽ പ്രവർത്തനങ്ങൾ അവസാനിച്ചു.