
കോട്ടയം . സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയവരിൽ റേഷൻ കാർഡില്ലാത്ത ഏഴായിരം പേർക്ക് കാർഡ് ലഭ്യമാക്കുന്നത് പൂർത്തീകരണഘട്ടത്തിലാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ആശ്രമങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് പ്രോക്‌സി സംവിധാനത്തിലൂടെയല്ലാതെ റേഷൻ നൽകുന്ന സംവിധാനം ചങ്ങനാശേരി കുരിശുംമൂട് വെരുച്ചിറ ശാന്തിസദൻ കോൺവെന്റിൽ നേരിട്ടെത്തി ലഭ്യമാക്കിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ആരും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. സഞ്ചരിക്കുന്ന റേഷൻ കട വഴി സാധനങ്ങൾ താമസിക്കുന്ന സ്ഥലത്ത് എത്തിക്കുന്ന സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.