torism

കോട്ടയം . രണ്ടു പ്രളയവും കൊവിഡും തളർത്തിയ കോട്ടയത്തെ ടൂറിസം മേഖല 2022 ൽ വൻകുതിച്ച് ചാട്ടമാണ് നടത്തിയത്. ലോക ശ്രദ്ധപിടിച്ചു പറ്റിയ ജനകീയ പങ്കാളിത്തത്തോടെയുള്ള കുമരകം മോഡൽ ഉത്തരവാദിത്വ ടൂറിസം കൂടുതൽ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച വർഷവുമായിരുന്നു. കുമരകത്തിന് പിന്നാലെ അയ്മനവും ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായി ഉയർന്നു. തിരുവാർപ്പ്, ആർപ്പൂക്കര,​ നീണ്ടൂർ, തലയാഴം, മറവൻതുരുത്ത്, കല്ലറ, കടുത്തുരുത്തി,​ ഈരാറ്റുപേട്ട എന്നിവിടങ്ങളിലേക്കും ടൂറിസം വ്യാപിച്ചു. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജനപദ്ധതിയുടെ നേതൃത്വത്തിൽ വീണ്ടെടുത്ത പുഴകളെയും പാടങ്ങളെയും കോർത്തിണക്കിയുള്ള ടൂറിസം അമ്പാട്ടുകടവ്, മലരിക്കൽ, പുതുപ്പള്ളി മൂവാറ്റുമുക്ക്, മണർകാട്, ഈരയിൽക്കടവ് ,കൊല്ലാട് കളത്തിൽ കടവ്, നീറിക്കാട് തണലോരം, നാലുമണിക്കാറ്റ് തുടങ്ങിയ ഇടങ്ങളിലേക്ക് നീണ്ടു. ആമ്പൽ ടൂറിസവും ക്ലിക്കായി.

വേമ്പനാട്ടുകായൽ മുഖമായ ചീപ്പുങ്കലിൽ നോക്കെത്താദുരം ആമ്പൽ പടർന്നു കിടന്നത് ആമ്പൽ ടൂറിസം ഫെസ്റ്റാക്കി മാറ്റാൻ അയ്മനത്തിന് കഴിഞ്ഞു. കുമരകത്ത് പ്രാഥമിക ആവശ്യം നിറവേറ്റാൻ സൗകര്യമില്ലെന്ന പരാതി നിലനിൽക്കെ ചീപ്പുങ്കലിൽ സഞ്ചാരികൾക്കായി സഞ്ചരിക്കുന്ന ഇ ടോയ്‌ലെറ്റ് സംവിധാനമൊരുക്കി. കൺവെൻഷൻ സെന്റർ, ഇൻഡോർ സ്റ്റേഡിയമടക്കം ചീപ്പുങ്കലിൽ കോടികൾ ചെലവഴിച്ചുള്ള വികസന പദ്ധതികളാണ് വരുന്നത്. മാലിക്കായൽ, വലിയ മടക്കുഴി തടാകം തുടങ്ങിയ പ്രദേശങ്ങളിൽ ഫ്ലോട്ടിംഗ് റസ്റ്റോറന്റ്, ബോട്ടിംഗ്, കുട്ടികൾക്കായുള്ള പാർക്ക് അടക്കം വലിയ വികസനമാണ് നടപ്പാക്കുക. ഫാം ടൂറിസം വഴി സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികൾക്കും തുടക്കമായി.

ഉത്തരവാദിത്വ ടൂറിസത്തിന്റെ നേട്ടങ്ങൾ.

3588 ആളുകൾക്ക് തൊഴിൽ പരിശീലനം,.

ജില്ലയിൽ മാത്രം 3000 യൂണിറ്റുകൾ.

12712 ആളുകൾ ഗുണഭോക്താക്കളായി.

25 കോടി പ്രാദേശിക വരുമാനം ലഭിച്ചു.

75000 വിനോദ സഞ്ചാരികൾ എത്തി.