വൈക്കം: പ്രകൃതിസംരക്ഷണത്തിനുമായി സർക്കാർ ആവിഷ്‌ക്കരിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് വിദ്യാവനം പദ്ധതിയെന്ന് സി.കെ ആശ എം.എൽ.എ പറഞ്ഞു. വൈക്കം ശ്രീമഹാദേവ കോളേജിൽ നേച്ചർ ക്ലബ്, എൻ.എസ്.എസ് എന്നിവയുടെ സഹകരണത്തോടെ വനംവകുപ്പ് ആരംഭിച്ച വൈക്കം താലൂക്കിലെ ആദ്യത്തെ വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് അദ്ധ്യക്ഷത വഹിച്ചു. കോളേജ് കാമ്പസിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് നാനൂ​റ്റി അൻപതിലധികം വരുന്ന അപൂർവമായ വനജന്യ വൃക്ഷങ്ങൾ വച്ച് പിടിപ്പിച്ച് നിബിഡ വനമാക്കി മാ​റ്റുന്നത്. നൂ​റ്റി ഇരുപതിലധികം ഇനത്തിൽപ്പെട്ട സസ്യങ്ങളാണ് മിയോവാക്കി രീതിയിൽ നട്ടുവളർത്തുന്നത്. കോട്ടയം സോഷ്യൽ ഫോറസ്​റ്ററി അസി. കൺസർവേ​റ്റർ കെ.എ സാജു, ഫോറസ്​റ്റ് ഡിവിഷൻ ഓഫീസർമാരായ അരുൺ ജി.നായർ, നാസർ, ജയകുമാർ, വൈസ് പ്രിൻസിപ്പൽ നിതിയ പി.കെ, ആര്യ എസ്.നായർ, ധനുപ് വർമ്മ, ശ്രീജ എം.എസ്, ആഷ ഗിരീഷ്, സോണി.ടി.കടവൻ തുടങ്ങിയവർ പ്രസംഗിച്ചു.