
കോട്ടയം . പുതുവർഷത്തിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ കൊച്ചിയിൽ പോകാൻ കഴിയാത്തവർക്ക് കോട്ടയംകാരുടെ പാപ്പാഞ്ഞിയുണ്ട്. വിജയപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കോട്ടയം കാർണിവലിലാണ് 30 അടി ഉയരമുള്ള പാപ്പാഞ്ഞി മീനന്തറയാറിന്റെ തീരത്ത് ആകാശംമുട്ടെ ഉയർന്നുനിൽക്കുന്നത്. പ്രകൃതി ഭംഗിയാൽ നിറഞ്ഞ മീനന്തറയാറിന്റെ തീരത്ത് വടവാതൂർ മോസ്‌കോ ബണ്ട് റോഡിൽ തണലോരത്തിലാണ് കാർണിവൽ മെഗാ ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്. രതീഷ് രാജ്, രാജേഷ്, മജു, വിശാഖ് തുടങ്ങിയവരാണ് അഞ്ച് ദിവസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കിയത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് വെൽഡ് ചെയ്താണ് നിർമ്മാണം. മൂന്നരലക്ഷത്തോളം രൂപയാണ് ചെലവ്. മുൻവർഷങ്ങളിൽ 20 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് നിർമ്മിച്ചിരുന്നത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷം കാർണിവൽ നിറുത്തിവച്ചിരുന്നു. പാപ്പാഞ്ഞിയെ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി നിരവധിപ്പേരാണ് എത്തുന്നത്. ഇവന്റിനോട് അനുബന്ധിച്ച് കരിമരുന്ന് പ്രകടനം, ഡി.ജെ ഗാനമേള എന്നിവയുമുണ്ടാകും. ഇന്ന് വൈകുന്നേരം നാല് മുതൽ പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും പ്രത്യേകം നിർമ്മിച്ച വേദിയിൽ അരങ്ങേറും. സായാഹ്ന വഴിയോര വിശ്രമകേന്ദ്രമായ തണലോരത്ത് ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.