കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ രണ്ടര ഏക്കറിലധികം വരുന്ന സ്വാഭാവിക വനം വെട്ടിനശിപ്പിച്ച് സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്ക് സമുച്ചയം നിർമ്മിക്കാൻ വീണ്ടും നീക്കം. ഏക്കർ കണക്കിന് സ്ഥലം മെഡിക്കൽ കോളേജിനോട് ചേർന്നുള്ളപ്പോഴാണ് ജൈവവൈവിദ്ധ്യം നിറഞ്ഞ വനപ്രദേശം വെട്ടി നശിപ്പിക്കാൻ ശ്രമം. അപൂർവ ഔഷധ സസ്യങ്ങളും നൂറിലധികം വ്യത്യസ്ത മരങ്ങളും ഉൾപ്പെടെ മുന്നൂറിലധികം വൃക്ഷലതാദികളുടെ ജൈവ കലവറയാണ് സ്വാഭാവിക വനപ്രദേശമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മെഡിസിൻ ബ്ലോക്കിന് അടുത്ത് തന്നെ വേണമെന്ന ന്യായം പറഞ്ഞാണ് വനം വെട്ടി നശിപ്പിക്കാൻ ശ്രമം നടക്കുന്നത്.
അധികൃതർ പിന്തിരിയണം
വനം വെട്ടി നശിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.എസ്.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത് രാജൻ, ജില്ലാ സെക്രട്ടറി വി.വൈ. പ്രസാദ്, സംസ്ഥാന ട്രഷറർ റോജൻ ജോസ്, സംസ്ഥാന കൗൺസിലംഗങ്ങളായ ബേബി ജോസഫ്, രാജേഷ് രാജൻ, ലിജോയ് കുര്യൻ, അനീഷ് ഒ.എസ്., അഖിൽ വിഷ്ണു, ഷേർലി പ്രസാദ്, ബിന്ദു കെ. തങ്കപ്പൻ, ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.