കര്‍ഷകര്‍ രാഷ്ട്രിയക്കാരുടെ വോട്ടുബാങ്കാണെന്ന ധാരണ തിരുത്തണമെന്ന് കാഞ്ഞിരപള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍

മുണ്ടക്കയം: ബഫർ സോൺ അല്ല പട്ടയുമാണ് വേണ്ടത് എന്ന മുദ്രാവാക്യവുമായി ഇൻഫാമിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് നടത്തിയ പ്രതിഷേധ റാലിയിൽ അണിനിരുന്നത് ആയിരങ്ങൾ.ഇന്നലെ ഉച്ചയ്ക്ക് ശേഷം കോട്ടയം, ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് മുണ്ടക്കയത്തെത്തിയത്. മുണ്ടക്കയം ടൗൺ നിശ്ചലമാക്കിയായിരുന്നു പ്രതിഷേധം. കർഷകരുടെ പ്രതിഷേധം ആഞ്ഞടിച്ചപ്പോൾ സമരത്തിന്റെ രൂപം തന്നെ മാറി. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷകർ. പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് മൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം ഇൻഫാം കാർഷിക ജില്ലാ രക്ഷാധികാരി മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. സഹരക്ഷാധികാരി ജോസഫ് വെള്ളമറ്റം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡയറക്ടർ ഫാ.തോമസ് മുറ്റമുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഏബ്രഹാം മാത്യു പന്തിരുവേലിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.എസ്.റഷീദ്, മഹല്ല് കോ ഓർഡിനേഷൻ ചെയർമാൻ പി.എം.അബ്ദുൽ സലാം, ദലിത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറഇ പി.എ.ദാമോദരൻ, എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, ശ്രീശബരിശ കോളജ് പ്രിൻസിപ്പൽ വി.ജി.ഹരീഷ് കുമാർ, വ്യാപാരി വ്യവസായി സമിതി പ്രിസിഡന്റ് അനിൽ സുനിത, അഖില തിരുവിതാംകൂർ മലയരയ മഹാസഭ പ്രതിനിധി കെ.ബി ശങ്കരൻ, പ്രതിഷേധസമിതി കൺവീനർ സണ്ണി വെട്ടുകല്ലേൽ എന്നിവർ പ്രസംഗിച്ചു.