
ചങ്ങനാശേരി . സമുദായ ആചാര്യൻ മന്നത്ത് പദ്മനാഭന്റെ 146ാമത് ജയന്തി ആഘോഷത്തിനായി പെരുന്ന എൻ എസ് എസ് ആസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി. ജയന്തി സമ്മേളനത്തിനായുള്ള 50,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള വിശാലമായ പന്തൽ നിർമ്മാണം എൻ എസ് എസ് വിദ്യാഭ്യാസ സമുച്ചയത്തിന് മദ്ധ്യത്തിലുള്ള മൈതാനിയിൽ പൂർത്തിയായി. അലങ്കാരപണികളും പൂർത്തീകരിച്ചു. മന്നം സമാധിമണ്ഡപവും സമീപമുള്ള പാർക്കും കെട്ടിട സമുച്ചയങ്ങളും അലങ്കാര ലൈറ്റുകളാൽ വർണ്ണാഭമാക്കുന്ന പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. പന്തലിൽ 40000 പേർക്ക് ഇരിപ്പിട സൗകര്യമുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സമുദായ പ്രവർത്തകർക്കുള്ള താമസ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ജനുവരി ഒന്ന്, രണ്ട് തീയതികളിലായി പെരുന്ന മന്നം നഗറിൽ ജയന്തി ആഘോഷങ്ങൾ നടക്കും.