ചങ്ങനാശേരി: ഒടുവിൽ ചെളിക്കുഴികൾ ഒഴിഞ്ഞു. റവന്യു ടവർ പരിസരം ക്ലീൻ... റവന്യുടവർ പരിസരം ഇന്റർലോക്ക് കട്ടകൾ നിരത്തി മോടിപിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം ഇന്റർലോക്ക് കട്ടകൾ പാകി മനോഹരമാക്കി. മറ്റ് ഭാഗങ്ങളിലും ഇന്റർലോക്ക് കട്ടകൾ പാകുന്ന ജോലികൾ പുരോഗമിക്കുകയാണ്. മഴക്കാലത്ത് വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കെട്ടിടത്തിന് സമാനമായാണ് ചങ്ങനാശേരി റവന്യു ടവർ സ്ഥിതി ചെയ്തിരുന്നത്. പരിസരത്ത് ചെറുതും വലുതുമായ കുഴികൾ നിറഞ്ഞ അവസ്ഥയും. എല്ലാ സർക്കാർ ഓഫീസുകളും ഒരുകുടക്കീഴിൽ എന്ന ആശയത്തിൽ തുടങ്ങിയ റവന്യൂടവറിലേയ്ക്കുള്ള കാൽനടയാത്രയുൾപ്പെടെ സാഹസികത നിറഞ്ഞതായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ മലിനജലത്തിൽ ചവിട്ടിയാണ് പോയിരുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാനായി നിർമ്മിച്ചിരിക്കുന്ന ഷെഡിലും വെള്ളം നിറഞ്ഞ നിലയിലായിരുന്നു. മുൻസിപ്പൽ സ്റ്റേഡിയത്തിനോട് ചേർന്നു കിടക്കുന്ന ടവറിന്റെ പിൻവശത്തെ റോഡ് ചെളിയിൽ പുതഞ്ഞ് ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും തെന്നിവീഴുന്നതും നിത്യസംഭവുമായിരുന്നു. സർക്കാർ സ്ഥാപനങ്ങൾ, വക്കീൽ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി ആറ് നിലകളിലായി നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ടവറിനു ചുറ്റിലും രൂപപ്പെട്ടിരിക്കുന്ന കുഴികൾ അടച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വർഷങ്ങളായുള്ള ആവശ്യമാണ് നടപ്പായത്.
റവന്യൂടവറിൽ പ്രവർത്തിക്കുന്നത്
താലൂക്ക് ഓഫീസ്
സബ് രജിസ്ട്രാർ ഓഫീസ്
താലൂക്ക് വ്യവസായ ഓഫീസ്
വില്ലേജ് ഓഫീസ്
താലൂക്ക് സപ്ലൈ ഓഫീസ്
ആർ.ടി ഓഫീസ്
ട്രഷററി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്