പാലാ: ഭാരത കേസരി മന്നത്തു പത്മനാഭന്റെ പവിത്രസ്മരണകൾക്ക് മുന്നിൽ മഹാസൗധമൊരുക്കി പ്രണാമം അർപ്പിക്കുകയാണ് മീനച്ചിൽ താലൂക്കിലെ നായർ സമൂഹം. മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ അഭിമാനസ്തംഭമായി ബഹുനിലമന്ദിരത്തിന്റെ ആദ്യഘട്ടം പൂർത്തിയായി.
മീനച്ചിൽ താലൂക്കിലെ ഓരോ നായർ കുടുംബത്തിന്റെയും പങ്കാളിത്തത്തോടുകൂടിയാണ് കാൽലക്ഷം ചതുരശ്രയടിയിൽ നാല് നിലകളിലായി മന്ദിരം തീർക്കുന്നത്. അവസാനഘട്ട ജോലികളാണ് ബാക്കിയുള്ളത്. മന്നത്താചാര്യന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്ന ദക്ഷിണയായി കരുതി ബഹുനിലമന്ദിരം അവസാനഘട്ട പണികൾക്കൂടി നടത്തി പൂർത്തീകരിക്കാൻ ഓരോ കുടുംബവും മുന്നോട്ടുവരികയാണെന്ന് നിർമ്മാണകമ്മറ്റി നേതാക്കളായ സി.പി ചന്ദ്രൻനായർ, രാമപുരം പി.എസ് ഷാജികുമാർ, ഉഴവൂർ വി.കെ രഘുനാഥൻ നായർ, അജിത് സി.നായർ എന്നിവർ പറഞ്ഞു.
മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ സ്വന്തമായി വാങ്ങിയ സ്ഥലത്താണ് ബഹുനില മന്ദിരം ഉയർന്നിട്ടുള്ളത്. നാലു നിലകളിലായി പണിയുന്ന മന്ദിരത്തിന്റെ ഏറ്റവും താഴത്തെ നില പാർക്കിംഗിനും, യൂണിയന് സ്ഥിരവരുമാനം ലഭിക്കത്തക്കവിധം ഒന്നാം നില ഷോപ്പിംഗ് കോംപ്ലക്‌സായും ഒപ്പം മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി, ഹ്യൂമൻ റിസോഴ്‌സ് എന്നിവയുടെ വിപുലമായ പ്രവർത്തനത്തിനും ഉപയോഗിക്കും.
മന്നത്ത് പത്മനാഭന്റെ പൂർണ്ണകായ പ്രതിമ ഐശ്വര്യം ചൊരിയുന്ന രണ്ടാം നിലയിൽ 400ഓളം പേർക്ക് ഇരിക്കാവുന്ന എ.സി ഓഡിറ്റോറിയം സജ്ജമാക്കും. മൂന്നാം നില ആധുനിക സൗകര്യങ്ങളോടുകൂടിയ താമസമുറികളാക്കാനാണ് യൂണിയൻ ലക്ഷ്യമിട്ടിരിക്കുന്നത്.
ഫോട്ടോ അടിക്കുറിപ്പ്
മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആസ്ഥാനമന്ദിരത്തിന്റെ ഛായാചിത്രം