ചങ്ങനാശേരി: ന്യൂഇയർ ആഘോഷത്തിനായി എത്തിച്ച എം.ഡി.എയുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ്ബംഗാൾ പിർഗ്ഗജ്ജ് മുഹമ്മദ് മൗസും റെജയിൽ (30)നെയാണ് ചങ്ങനാശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.പി.പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പായിപ്പാടുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകൾ കണ്ടെടുത്തത്. ചില്ലറ വില്പനയ്ക്കായി സൂക്ഷിച്ച 1.501 ഗ്രാം ബ്രൗൺഷുഗർ, എം.ഡി.എം.എ, എക്സ്റ്റസി പിൽ എന്നിവയും മയക്കുമരുന്ന് വില്പന നടത്തി ലഭിച്ച 21000 രൂപയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. പശ്ചിമബംഗാളിൽ നിന്നും കൊണ്ട് വരുന്ന ബ്രൗൺഷുഗർ ചെറിയ പൊതികളാക്കി പായിപ്പാട് ഭാഗങ്ങളിൽ വില്പന നടത്തിവരികയായിരുന്നു. ഗ്രാമിന് 50,000 രൂപ നിരക്കിൽ ഏതാനും മില്ലിഗ്രാം മാത്രം അടങ്ങിയ ചെറിയ പൊതികളാക്കിയാണ് കച്ചവടം. പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ബ്രൗൺ ഷുഗർ കച്ചവടമെങ്കിൽ എം.ഡി.എം.എ എക്സ്റ്റസി പില്ലിന് ആവശ്യക്കാർ മലയാളികളായ ചെറുപ്പക്കാരാണെന്ന് പിടിയിലായ മുഹമ്മദ് പറഞ്ഞു.