വീണ്ടും പരാതിയുമായി നാട്ടുകാർ രംഗത്ത്

ഞീഴൂർ:രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഞീഴൂർ പൂവക്കോട്ടിൽ നാട്ടുകാരുടെ എതിർപ്പ് മറികടന്ന് കുന്നിടിച്ച് മണ്ണെടുക്കാൻ ജിയോളജി വകുപ്പിന്റെ അനുമതി. ഞീഴൂർ പഞ്ചായത്ത് 12ാം വാർഡിൽ ഉൾപ്പെടുന്ന 5 ഏക്കറോളം വരുന്ന കുന്ന് ഇടിച്ചുനിരത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് റവന്യൂ അധികൃതരും സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മണ്ണെടുപ്പ് നടക്കാതെ വർഷങ്ങളോളം കാടുപിടിച്ചുകിടന്ന സ്ഥലം കഴിഞ്ഞദിവസം വെട്ടിത്തെളിച്ചിരുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം നിലനിൽക്കുന്ന മേഖലയാണിവിടം. കുന്ന് ഇല്ലാതായാൽ പാഴുത്തുരുത്ത് ഭാഗത്തേയും കടുത്തുരുത്തി പഞ്ചായത്തിലെ മങ്ങാട് ഭാഗത്തേയും നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം ഇല്ലാതാവും. മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിനാണ് സ്ഥലം ഉടമ മണ്ണെടുത്ത് നീക്കാൻ കരാർ നൽകിയിരിക്കുന്നത്. മണ്ണെടുത്ത് വില്പന നടത്തുന്നതിനായി സ്വകാര്യവ്യക്തി അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് ഈ കുന്ന് പൂർണമായും വാങ്ങിയത്. കുന്നിടിച്ച് നിരത്താൻ മുമ്പും പല തവണ ശ്രമം നടന്നിരുന്നു. എന്നാൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മണ്ണെടുപ്പ് നിറുത്തിവെയ്ക്കുകയായിരുന്നു.

സ്ഥലം കോട്ടയം സ്വദേശിയുടേത്

മുമ്പ് മണ്ണെടുപ്പ് നടക്കാതെ വന്നതോടെ സ്ഥലം കോട്ടയം സ്വദേശിക്ക് വില്പന നടത്തിയിരുന്നു. അതേസമയം മണ്ണെടുക്കാൻ അനുവാദം നൽകിയിട്ടില്ലെന്നും, പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും ജില്ലാ ജിയോളജിസ്റ്റ് പറഞ്ഞു.