accident

തിരുവനന്തപുരം: മലപ്പുറം താനൂരിൽ പരീക്ഷ കഴിഞ്ഞ് മടങ്ങിയ അഞ്ചാംക്ളാസ് വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരേ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിനി സഞ്ചരിച്ച സ്കൂൾ ബസ് നിയമം ലംഘിച്ചാണ് സർവീസ് നടത്തിയിരുന്നതെന്ന് കണ്ടെത്തി. സ്കൂൾ ബസ് ടാക്സടച്ചിട്ടില്ലെന്നും സ്പീഡ് ഗവേർണർ ഘടിപ്പിച്ചിട്ടില്ലെന്നും ഹാൻബ്രേക്കില്ലെന്നും പരിശോധനയിൽ വ്യക്തമായി. ഡ്രൈവർ‌ക്കെതിരെ കേസെടുത്ത് ലൈസൻസ് റദ്ദാക്കി. കുട്ടിയെ ഇടിച്ച ഗുഡ്സ് ഓട്ടോ ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്‌കൂൾ ബസിൽ നിന്ന് കുട്ടികൾ ഇറങ്ങുന്നത് കണ്ടിട്ടും വേഗത കുറയ്ക്കാതിരുന്നതിനാണ് കേസ്. ലൈസൻസും റദ്ദാക്കി.സ്കൂൾ ബസിൽ ആയ ഇല്ലാതിരുന്നതിനാൽ സ്‌കൂൾ മാനേജ്മെന്റിനെതിരെയും പ്രധാനാദ്ധ്യാപകനെതിരെയും നടപടി വേണമെന്ന് ജില്ലാ കളക്ടർക്ക് ശുപാർശ നൽകിയിട്ടുണ്ട്.

തെയ്യാല എസ്.എൻ യു.പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും പാണ്ടിമുറ്റം സ്വദേശി വെള്ളിയത്ത് ഷാഫി-കുത്സു ദമ്പതികളുടെ മകളുമായ ഷഫ്ന ഷെറിൻ(10)​ ആണ് വീടിനടുത്തുവച്ചുണ്ടായ അപകടത്തിൽ മരിച്ചത്. താനൂർ തെയ്യാലയിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.സ്‌കൂൾ ബസിൽ നിന്നിറങ്ങി പിന്നിലൂടെ റോഡ് മുറിച്ചു കടന്ന കുട്ടി ഗുഡ്സ് ഓട്ടോയുടെ മുന്നിൽപ്പെടുകയായിരുന്നു. ഇടിയുടെ ശക്തിയിൽ റോഡിലേക്ക് തെറിച്ച് വീണ വിദ്യാർത്ഥിനിയെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി സുരക്ഷിതമായി റോഡ് മുറിച്ചു കടന്നുവെന്ന് ഉറപ്പ് വരുത്താതെ സ്‌കൂൾ ബസ് യാത്ര തുടർന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.