പംക്തിയുടെ ദൈർഘ്യം കൂടിപ്പോയാൽ ആദ്യമേ ക്ഷമാപണം പറയും. ഞായറാഴ്ച രാവിലെ തന്നെ ഓൺലൈൻ ലിങ്കും പേജിന്റെ പി.ഡി.എഫും ചോദിച്ചുവാങ്ങും. സുഹൃത്തുക്കൾക്കായി അയക്കാനാണ്. ഒരൽപ്പം വൈകിയാൽ അക്ഷമനാകും. വായനക്കാരുടെ നല്ല വാക്കുകൾ അന്നേരം തന്നെ വിളിച്ച് പങ്കുവയ്ക്കും.

സതീഷ് ബാബു പയ്യന്നൂർ
പ്രശസ്തനായിട്ടും നാട്ടുകാരനായിട്ടും വളരെ വൈകിയാണ് സതീഷ് ബാബു പയ്യന്നൂരിനെ പരിചയപ്പെട്ടത്. ഭാരത് ഭവൻ സെക്രട്ടറിയായാണ് ആദ്യത്തെ കൂടിക്കാഴ്ച. നാട്ടുകാരിയാണെന്ന് പറഞ്ഞപ്പോൾ ഇരട്ടിസന്തോഷം. ആർക്കും വേണ്ടാതെ കിടന്ന, സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു സ്ഥാപനത്തെ ആത്മാവ് കൊടുത്തു വളർത്തിയ അനുഭവങ്ങൾ പറയുമ്പോൾ അഭിമാനമായിരുന്നു ആ മുഖത്ത്.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഴയ ഒരു ഒറ്റമുറി ചായ്പിലായിരുന്നു പണ്ടത്തെ ഭാരത് ഭവൻ. ആദ്യത്തെ ദിവസം തന്നെ ആ ഇരുട്ടുമുറിയിൽ വിയർത്തത് അന്ന് നെടുവീർപ്പോടെ പറഞ്ഞു. ഏറ്റെടുക്കുന്ന ഏതിലും അദ്ദേഹം കാണിക്കുന്ന ശുഷ്കാന്തി ഭാരത് ഭവന്റെ പിന്നീടുള്ള വളർച്ചയ്ക്ക് കാരണമായി. ഒട്ടേറെ പരിശ്രമങ്ങൾക്കൊടുവിൽ തൈക്കാട് തൃപ്തി എന്ന സർക്കാർ കെട്ടിടത്തിലേക്ക് ഭാരത് ഭവനുമായി കയറുമ്പോൾ പാമ്പുകളും പെരുച്ചാഴികളും പല വഴി പാഞ്ഞു. മുട്ടാൻ കഴിയുന്ന എല്ലാ വാതിലിലും മുട്ടിയും നിരന്തര പ്രയത്നത്തിലൂടെയുമാണ് ഭാരത് ഭവന് അദ്ദേഹം പ്രൗഢമുഖം നൽകിയത്.
അന്നത്തെ സംസാരത്തിൽ അദ്ദേഹം പങ്കിട്ട ഒരനുഭവമുണ്ട്. ഒരിക്കൽ തൃപ്തി ബംഗ്ളാവിലിരിക്കുമ്പോൾ 'വാതാപി ഗണപതിം ഭജേ" എന്ന കീർത്തനം കേൾക്കുന്നതായി സാറിന് തോന്നി. ഘനഗംഭീരമായ പുരുഷശബ്ദം. ആരെയും കാണുന്നില്ല. തൊട്ടടുത്തുള്ള സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചറുടെ വീട്ടിലേക്ക് കണ്ണയച്ചു. അവിടെ ആരുമില്ല. പല വട്ടം ഇത് ആവർത്തിച്ചു. ഒടുവിൽ ഓമനക്കുട്ടി ടീച്ചറെ കണ്ട് കാര്യം പറഞ്ഞു. മറുപടി വിസ്മയിപ്പിച്ചു. ''ആ ബംഗ്ലാവിലാണ് ശെമ്മാങ്കുടി സ്വാമി പത്തിരുപത്തിരണ്ടു വർഷം താമസിച്ചിരുന്നത്. സതീഷിരിക്കുന്ന സെക്രട്ടറിയുടെ മുറിയില്ലേ, അതായിരുന്നു സ്വാമിയുടെ ബെഡ്റൂം."" ധന്യതയോടെ എന്നും ആ അനുഭവം അദ്ദേഹം കൂടെ കൊണ്ടു നടന്നു.
'ചന്നം പിന്നം" എന്ന ആത്മകഥാംശപരമായ പംക്തി വാരാന്ത്യകൗമുദിയിൽ പ്രസിദ്ധീകരിക്കണമെന്നത് സതീഷ് ബാബുവിന്റെ വലിയ ആഗ്രഹമായിരുന്നു. 'ഓർമ്മകളിലും അനുഭവങ്ങളിലും വീണുപരക്കുന്ന ചാറ്റൽമഴ" എന്നായിരുന്നു ആ പംക്തിയുടെ ടാഗ്ലൈൻ. ജീവിതം, എഴുത്ത്, സൗഹൃദം, സന്തോഷങ്ങൾ എന്നിങ്ങനെ പല താളുകളിലൂടെ ആ അക്ഷരങ്ങൾ ഒഴുകിപ്പരന്നു. ഏറെ ആസ്വദിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്ത പംക്തി അറുപത് ആഴ്ചകൾ പൂർണമാക്കി. അന്ന് വാരാന്ത്യകൗമുദിയുടെ ചുമതല വഹിച്ചിരുന്ന എഡിറ്റർ എന്ന നിലയിൽ എനിക്ക് ഒരിക്കൽപ്പോലും പംക്തിയിലേക്കുള്ള മാറ്ററിനുവേണ്ടി വിളിക്കേണ്ടി വന്നിട്ടില്ല. എവിടെയാണെങ്കിലും കൃത്യസമയത്ത് കംപോസ് ചെയ്ത മാറ്ററും ചിത്രങ്ങളും വരും. ഓരോ വാചകങ്ങളിലെ കൃത്യതയും എന്തിനേറെ രണ്ടുവാക്കുകൾക്കിടയിൽ നൽകേണ്ട ഗ്യാപ്പിനെ കുറിച്ച് പോലും വിളിച്ച് ഓർമ്മിപ്പിക്കും. ചിഹ്നങ്ങളൊക്കെ ശരിയായല്ലേ വന്നതെന്ന് ആവർത്തിച്ച് തിരക്കും. അത്ര കണിശതയായിരുന്നു. ചിത്രങ്ങൾ പംക്തിയിൽ ഇങ്ങനെ ഉപയോഗിച്ചാൽ നന്നാകുമെന്ന് മനസിൽ വരച്ചിട്ടതു പോലെ പറയും. കാപ്ഷനുകൾ നമ്പറിട്ട് രേഖപ്പെടുത്തും. പംക്തിയുടെ ദൈർഘ്യം കൂടിപ്പോയാൽ ആദ്യമേ ക്ഷമാപണം പറയും. ഞായറാഴ്ച രാവിലെ തന്നെ ഓൺലൈൻ ലിങ്കും പേജിന്റെ പി.ഡി.എഫും ചോദിച്ചുവാങ്ങും. സുഹൃത്തുക്കൾക്കായി അയക്കാനാണ്. ഒരൽപ്പം വൈകിയാൽ അക്ഷമനാകും. വായനക്കാരുടെ നല്ല വാക്കുകൾ അന്നേരം തന്നെ വിളിച്ച് പങ്കുവയ്ക്കും. എല്ലാ സംഭാഷണങ്ങളിലും ജീവിതത്തോടും അക്ഷരങ്ങളോടും മഴയോടും പയ്യന്നൂരിനോടുമുള്ള സ്നേഹമുണ്ട്. ഗുരുതുല്യനായ സംവിധായകൻ പദ് മരാജൻ ഓർമ്മയായിരുന്നു ആദ്യഅദ്ധ്യായം. തലക്കെട്ട് ഇപ്പോഴും ഓർമ്മയുണ്ട്, 'മഞ്ഞിൽ മറഞ്ഞ മായാമയൻ". അതിന്റെ പേജ് ഡിസൈൻ ചെയ്തത് കാണാൻ ശിശുസഹജമായ കൗതുകത്തോടെ ഓഫീസിലെത്തി. പംക്തിയുടെ പോഡ്കാസ്റ്റും ചെയ്തത് സതീഷ് ബാബു ആയിരുന്നു. ഏത് തിരക്കിലും മറക്കാതെ റെക്കാഡ് ചെയ്ത് അയക്കും. അഭിപ്രായം തിരക്കും.
മറ്റൊരു മകരമാസത്തിൽ, മഞ്ഞുകാലത്തിലെ ഒരു രാത്രി സതീഷ്ബാബുവും മാഞ്ഞുപോയി. രാത്രിയിലെങ്ങോ യാത്ര പറഞ്ഞ പപ്പേട്ടൻ എന്നും അദ്ദേഹത്തിന്റെ വേദനയായിരുന്നു. അന്ന് ആ വിയോഗം താങ്ങാതെ ബി.പി കൂടി ആശുപത്രിയിലായിരുന്നു. ഏറ്റവും ഒടുവിലത്തെ അറുപതാം അദ്ധ്യായത്തിൽ കർക്കടകത്തിലെ കാർത്തികയിൽ ഒരു മുടിഞ്ഞ മഴ പെയ്ത പുലർച്ചെയായിരുന്നു തന്റെ ജനനമെന്ന് അമ്മ പറഞ്ഞ കാര്യം എഴുതി. മഴയോട് തനിക്കുള്ള കടുത്ത പ്രണയം അതുകൊണ്ടാകാം എന്നും കുറിച്ചിരുന്നു. 'അടുത്താണ്ട് എന്റെ അറുപതാം പിറന്നാൾ വർഷമാണ്. അറുപതിന്റെ ചെറുപ്പത്തിലേക്കും എളിമയിലേക്കും ഞാൻ കടക്കുന്നു എന്ന് സാരം." ആ അദ്ധ്യായം ഇങ്ങനെ തുടങ്ങി. സതീഷ്ബാബു അറുപതിലെത്തിയില്ല, അതിന് മുമ്പേ രാത്രിയിലെപ്പോഴോ യാത്ര പറഞ്ഞു. അന്നേരം മഴ പെയ്തിരുന്നോ എന്ന് നിശ്ചയമില്ല. പക്ഷേ, സതീഷ് ബാബു പയ്യന്നൂർ എന്ന ഓർമ്മകളുടെ മഴ ഒരിക്കലും പെയ്തു തീരുന്നില്ല.