(
വാരാന്ത്യകൗമുദിക്കായി ഒരു മിനിക്കഥ ചോദിച്ചപ്പോൾ സതീഷ് ബാബു എഴുതി നൽകിയ ആക്ഷേപഹാസ്യകഥയാണിത്. പ്രിയ കഥാകാരൻ ഏറ്റവും ഒടുവിൽ എഴുതിയ ഇൗ കഥ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്നു.)

സതീഷ് ബാബു പയ്യന്നൂർ
തറവാട്ടുകാരണവർ തെക്കേ കൈവഴിയിലെ മൂപ്പനെ ആളയച്ചു വിളിപ്പിച്ചു. മൂപ്പൻ മയക്കമാണ്ട് കിടപ്പായിരുന്നു അപ്പോൾ. ആസനത്തിലെ പൊടിയും തട്ടി കുതികൊണ്ടു തറവാട്ടിലേക്ക്. കാരണവർ ആകെ ക്ഷുഭിതനായിരുന്നു. ഉമ്മറത്തൂടെ അങ്ങോട്ടുമിങ്ങോട്ടുമുലാത്തി. മൂപ്പനെ തറപ്പിച്ചൊന്നു നോക്കിയശേഷം കാരണവർ അലറി-
''എന്താ നിരീച്ച്ര്ക്ക്ണെ... പണം എത്ര്യായി ഇവ്ട്ന്ന് കൊണ്ടുപോണൂ... ഇനി തരാൻ പറ്റില്ല്യാ... മാത്രമല്ല കൊണ്ടുപോയത് എത്രേംവേഗം തിരികെ കിട്ടുകേം വേണം...""
''ഉവ്വ്..."" മൂപ്പൻ തലകുനിച്ചു.
''എന്താ അവിടെ പറ്റീത്? വളപ്പില് വരുമാനോംന്നൂല്ല്യാതെ പോയോ?""
മൂപ്പൻ മറുപടിക്കായി പരുങ്ങി.
''എന്താന്ന്വച്ചാ അത് പറയ്യാ...""
''കാര്യസ്ഥൻമാരുടെ യാത്രാപ്പടി കുറച്ചധികായി.""
''എവിട്യാ ഇത്രൊക്കെ യാത്ര തരപ്പെടുത്ത്യേ?""
''ചേമ്പുകൃഷി പഠിക്കാൻ കൃഷീടെ കാര്യസ്ഥൻ ആഫ്രിക്കയ്ക്കുപോയി. വ്യാപാരം പഠിക്കാൻ വ്യാപാര കാര്യസ്ഥൻ അമേരിക്കയ്ക്കുപോയി. കാലിത്തൊഴുത്തിനെക്കുറിച്ച് പഠിക്കാൻ അടിയനൊന്ന് സ്വിറ്റ്സർലണ്ടുവരേം പോയി...""
''മതി, മതി... അപ്പൊ അതാ കാര്യം.""
''അതു മാത്രമല്ലാ..."" മൂപ്പൻ ഉണർത്തിച്ചു:
''തറവാട്ടിലെ കാര്യം നോക്കാൻ കൈവഴീന്ന് പുതിയ ആള്വോളെ തിരഞ്ഞുപിടിച്ചയക്കാനും പൊട്ടിച്ചു ഒരു ഭണ്ഡാരം...""
''ആഹാ... അങ്ങനെയോ? ആരാ ഇപ്പൊ ഭണ്ഡാരം കാക്കണത്?""
''നമുക്കു വേണ്ടപ്പെട്ട ഒരാളാ...""
''ആളെ ഇങ്ങ് വിളിക്ക്യാ. ഭണ്ഡാരോം എടുത്തോളാൻ പറയ്വാ.""
മൂപ്പൻചെന്ന് ഭണ്ഡാരക്കാരനുമായി വന്നു. കാരണവർ പറഞ്ഞു:
''പൂട്ട് തുറക്ക്വാ.... നോം കാണട്ടെ, ഇനി എത്ര ചില്ല്വാനം അകത്ത്ണ്ട്ന്ന്...""
''പൂട്ടില്ല്യാ...""
''പൂട്ടില്ല്യേ? എവിടെപ്പോയി?""
''അതു വിറ്റു. മറ്റു നിവൃത്തിയില്ലാത്തോണ്ടാ... "" അന്തിച്ചുനിന്ന കാരണവരെ നോക്കി ഭണ്ഡാരക്കാരൻ കൂട്ടിച്ചേർത്തു:
''ഈ ഭണ്ഡാരോം വിൽക്കാൻ വെച്ചിരിക്ക്വാ. അല്ലാതെ വേറെ നിവൃത്തിയില്ല തിരുമനസ്സേ... ""