high-court

കൊച്ചി: കണക്കില്ലാതെ ആളുകളെ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിക്കുന്നതിൽ പരിധി നിശ്ചയിക്കണമെന്നും കോടതി വ്യക്തമാക്കി. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട ഹർ‌ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് വി ജി അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹ‌ർജി പരിഗണിച്ചത്.

കൊച്ചിയിലെ ആന്റി കറപ്‌ഷൻ പീപ്പിൾസ് മൂവ്‌മെന്റാണ് ഹർജി നൽകിയത്. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും പേഴ്‌സണൽ സ്റ്റാഫിനുള്ള പെൻഷൻ റദ്ദാക്കണമെന്നും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.

പേഴ്‌സണൽ സ്റ്റാഫ് നിയമനം സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളി. എന്നാൽ നിയമനത്തിന് നിയന്ത്രണം വേണമെന്നും കോടതി നിർദേശിച്ചു. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കെല്ലാം ഈ നിയന്ത്രണം ബാധകമാകണമെന്നും കോടതി വ്യക്തമാക്കി.