
ജ്ഞാനത്തിന്റെ തുടക്കമാണ് അത്ഭുതം. അത്ഭുതബോധം തത്വചിന്തകന്റെ അടയാളമാണ്. വിമർശനം ഉണ്ടാകുന്നതും അത്ഭുതത്തിൽ നിന്നാണെന്ന് അപ്പൻ നമുക്ക് കാട്ടിത്തന്നു. അതുകൊണ്ടാണ് അപ്പന്റെ നിരൂപണം ഗദ്യത്തിലെഴുതിയ കവിതയെന്ന് നാം വിലയിരുത്തുന്നത്. മഹത്തായ സാഹിത്യം പലപ്പോഴും ആഴത്തിലുള്ള തത്വചിന്തയാണ്. മികച്ച തത്വചിന്ത പലപ്പോഴും മികച്ച സാഹിത്യവുമാണ്. ഭാഷയിൽ ഭാവനയുടെ പൂമ്പൊടി വീഴുമ്പോഴാണ് അതിന് ചലനവും ചാരുതയും കൈവരുന്നത്. അതുകൊണ്ടാണ് ബൈബിളിനെ വെളിച്ചത്തിന്റെ കവചമായും ഗുരുവിനെ ചരിത്രത്തെ അഗാധമാക്കിയ ഗുരുവായും അപ്പൻ കുറിച്ചിട്ടത്.
തത്വചിന്തയുടെ പ്രകാശഗോപുരമാണ് മലയാളസാഹിത്യത്തിൽ അപ്പൻ പടുത്തുയർത്തിയത്. ഒരു വസ്തു യഥാർത്ഥത്തിൽ എന്താണെന്ന് വീക്ഷിക്കുക, മികച്ച ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, ഭാവിയിലെ സാഹിത്യപ്രതിഭയ്ക്ക് ഊർജം പകരുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് നിരൂപകന്റെ പങ്കെന്ന് ആർനോൾഡ് നിർവചിക്കുന്നു. ഉദാത്തമായ സാഹിത്യ വിമർശനത്തിന് മനസ്സിന്റെ സുതാര്യതാ സാരള്യവും വസ്തുതകളെ അവയുടെ ഉണ്മയിൽ കാണാനുള്ള സിദ്ധിയുമാണ് വേണ്ടതെന്ന് മാത്യു ആർനോൾഡ് പറയുന്നു. അതുകൊണ്ടാണ് കെപി അപ്പനെ മലയാളത്തിന്റെ മാത്യു ആർനോൾഡ് എന്ന് ഈ ലേഖകൻ വിശേഷിപ്പിക്കുന്നത് . അപ്പൻ വിമർശനത്തിൽ ഏർപ്പെടുമ്പോൾ തത്വശാസ്ത്ര നിരീക്ഷണങ്ങളുടെ തൽക്ഷണ രചന സംഭവിക്കുന്നു.
കാലം ആഖ്യാനത്തിന്റെ ഒരു സാർവത്രിക സവിശേഷതയാണ്. ഏകാന്തതയുടെ നിമിഷങ്ങളെ നോക്കിക്കാണുന്ന കാലത്തിന്റെ വിശ്ലേഷകനും ദാസനുമല്ല, മറിച്ച് സ്വർഗ്ഗീയവും സ്വർഗ്ഗാത്മകവുമായ ഒരു കാലബോധം അപ്പൻ സൃഷ്ടിക്കുന്നു. അതാണ് അപ്പൻകാലം. ആധുനികതയുടെ ആവരണത്തെ ഭാവനയുടെ ഭാഷയും വേഷവും കൊണ്ട് വ്യാഖ്യാനിച്ച ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന കൃതി പിന്നീട് മലയാള സാഹിത്യ നിരൂപണത്തിന്റെ വഴിത്താരയിൽ നിത്യഹരിത പുസ്തകമായി മാറി. പഴകിയ ശീലുകളെയും ശൈലികളെയും സമ്പ്രദായങ്ങളെയും തിരസ്കരിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തു. പകരം, വെളിച്ചത്തിന്റെ കവചം മലയാള സാഹിത്യ നിരൂപണത്തിന്റെ മുകൾത്തട്ടിലും മടിത്തട്ടിലും അപ്പൻ വിരിച്ചിട്ടു. അതാണ് നവീനനിരൂപണം.
പ്ലേറ്റോയുടെ ചലിച്ചുകൊണ്ടിരിക്കുന്ന നിത്യതയുടെ ബിംബവും എഴുത്തച്ഛൻ സൃഷ്ടിച്ച അച്ഛൻ കാലവും അപ്പൻ കാലത്തിലുണ്ട്. അപ്പൻ കാലത്തിന്റെ ഘടികാരസൂചി മലയാളഭാവനയിൽ സൃഷ്ടിക്കുന്ന ടിക് ടിക് ശബ്ദമാണ് അപ്പന്റെ വിമർശനം. ഈ കാലബോധത്തിൽ നമസ്കരിച്ചു കൊണ്ടാണ് അപ്പൻ സാഹിത്യ വിമർശനം നടത്തിയത്. കാലം ശാസ്ത്രത്തിലല്ല ജീവിതത്തിലാണെന്ന് അപ്പൻ എഴുതി. ഓരോ നിമിഷത്തിലും എരിഞ്ഞുതീരുന്നത് അനന്തതയാണ്. ഈ അനന്തതയുടെ ചാരത്തിൽനിന്നാണ് അപ്പന്റെ വാക്കുകൾ നക്ഷത്രങ്ങളായി പറന്നുയർന്നത്.
അപ്പന്റെ കൃതികളെല്ലാം വായനക്കാരുടെ കോട്ടയ്ക്കുള്ളിലെ അജ്ഞാത അറകളിലേക്കുള്ള താക്കോലുകൾ പോലെയാണ്. അവ നമ്മെ മുറിവേൽപ്പിക്കുകയോ കുത്തിപ്പരിക്കേൽപ്പിക്കുകയോ ചെയ്യും. നാം വായിക്കുന്ന പുസ്തകം നമ്മുടെ തലയിൽ പ്രഹരം നല്കി നമ്മെ ഉണർത്തിയില്ലെങ്കിൽ നാമെന്തിനാണ് വായിക്കുന്നത്?
ഒരു ദുരന്തം പോലെ നമ്മെ ബാധിക്കുന്ന, നമ്മെ അഗാധമായി ദുഖിപ്പിക്കുന്ന, നമ്മെ കൂടുതൽ സ്നേഹിച്ച ഒരാളുടെ മരണം പോലെ, നമുക്ക് പുസ്തകങ്ങൾ ആവശ്യമാണ്. അതേ, നമ്മുടെ ഉളളിൽ തണുത്തുറഞ്ഞു കിടക്കുന്ന കടലിനെ കീറിമുറിക്കുന്ന ഒരു കോടാലിയായരിക്കണം പുസ്തകമെന്ന് മഹാനായ കഫ്ക പറഞ്ഞത് നാം കുറിച്ചിടണം.
കെ. പി. അപ്പന്റെ പുസ്തക പ്രപഞ്ചം നമുക്ക് സമ്മാനിക്കുന്നതും ഇതുതന്നെയാണ്.
ആളുകൾ വായിക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും എഴുതുക അല്ലെങ്കിൽ ആളുകളെ എഴുതാൻ പ്രേരിപ്പിക്കുന്ന മഹത്തായത് എന്തെങ്കിലും ചെയ്യുക'. ബെഞ്ചമിൻ ഫ്രാങ്ക്ളിന്റ വചനം വായനയിലൂടെയും എഴുത്തിലൂടെയും മലയാളികൾക്ക് പകർന്നുതന്ന കാർത്തികയിൽ പത്മനാഭൻ അപ്പൻ എന്ന കെ.പി അപ്പന്റെ ആശയപ്രപഞ്ചം മലയാളികളുടെ പ്രിയപ്പെട്ട ഔഷധവും മൂർച്ചയേറിയ ആയുധശാലയുമാണ്. മലയാള ഭാവനയുടെ നിത്യഹരിത നിരൂപകനാണ് കെ.പി അപ്പൻ.
1972 ൽ അപ്പൻ തന്റെ കന്നി പുസ്തകമായ ക്ഷോഭിക്കുന്നവരുടെ സുവിശേഷ' വുമായി അക്ഷരാർത്ഥത്തിൽ നമ്മെ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. നമ്മുടെ ഉള്ളിലെ തണുത്തുറഞ്ഞ കടലിനെ ആ പുസ്തകം കീറിമുറിച്ചു. ക്ഷോഭത്തിന്റെയും രോഷത്തിന്റെയും വീഞ്ഞ് സിരകളിലും ധമനികളിലും നിറഞ്ഞൊഴുകി. വാക്കുകൾ നൃത്തം ചെയ്യുന്ന നക്ഷത്രങ്ങളായി പരിണമിച്ചു. കാഫ്കയും കമ്യുവും ഷെനേയും സാർത്രും യോനെസ്കോയും പുതിയ പാനപാത്രം നമുക്കുനേരെ നീട്ടി തന്നു. നമ്മുടെ മസ്തിഷ്കങ്ങൾ ആശയങ്ങൾ കൊണ്ട് തിളച്ചുമറിഞ്ഞു. അപ്പൻ സൃഷ്ടിച്ച സൗന്ദര്യ ക്ഷേത്രനടയിൽ വായനക്കാർ വലംവച്ചു. ക്ഷോഭിക്കുന്നവരുടെ സുവിശേഷം ആധുനികതയുടെ അക്ഷരമാലയും വ്യാകരണവും നമുക്ക് സമ്മാനിച്ചു. നവീന വിമർശനത്തിന്റെ സൂര്യപ്രഭയേറ്റ് എല്ലാ മനസ്സുകളും വെട്ടിത്തിളങ്ങി.
'എല്ലാ കാലങ്ങളോടുമുള്ള അഭിമുഖീകരണമാണ് ജീവിതം. എല്ലാം ഒരു പ്രവാഹത്തിലാണെന്ന് തോന്നലുണ്ടാക്കുംവിധം ആഖ്യാനം നടത്തുമ്പോൾ എഴുത്തുകാരൻ ഒരേസമയം നൈമിഷികവും സനാതനവുമായ കാലാനുഭവത്തിലാണ്. ഇതിന് കാലം സാവകാശം ബോധത്തിലേക്ക് പ്രവഹിക്കുന്നത് അനുഭവിക്കാനാകണം. സൃഷ്ടിയുടെ കാര്യത്തിൽ എഴുത്തുകാരൻ ദൈവത്തെപ്പോലെ വലിയ ഉന്മാദിയായിരിക്കണം' ഇതാണ് അപ്പൻ സൃഷ്ടിച്ച സാഹിത്യകലയും അപ്പൻകാലവും
ലേഖകന്റെ ഫോൺ - 8921505404