
കേരളത്തിൽ പാലിന്റെ വിലവർദ്ധയുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ നടക്കുന്നുണ്ട് ! 97 ശതമാനത്തോളം സങ്കരയിനം പശുക്കളുള്ള കേരളത്തിൽ ഉത്പാദനച്ചെലവ് തുലോം കൂടുതലാണ്. തീറ്റയ്ക്കാവശ്യമായ ചേരുവകൾ അയൽസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. കാലിത്തീറ്റയുടെ വില 50 കിലോ ചാക്കിന് 1450 രൂപയോളം വരും. ഇടയ്ക്കിടെയുള്ള കാലിത്തീറ്റ വിലവർദ്ധനവ് ക്ഷീരകർഷകരെ പ്രതികൂലമായി ബാധിക്കുന്നു. കൊവിഡ് കാലയളവിലും, റബറിന് വിലയിടിവ് വന്നപ്പോഴും കർഷകരെ പിടിച്ചു നിർത്തിയത് ക്ഷീരമേഖലയാണ്. കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്റ്റൻഷൻ മാനേജ്മെന്റ് നടത്തിയ പഠനങ്ങളിൽ പശുവളർത്തൽ കുടുംബങ്ങളിൽ ആത്മഹത്യാനിരക്ക് തീരെയില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. വർഷത്തിൽ 300 ദിവസവും വരുമാനം പ്രദാനം ചെയ്യുന്ന മേഖലയാണിത്.
കേരളത്തിൽ 2017 ലെ കണക്കനുസരിച്ചു ഒരു ലിറ്റർ പാലിന്റെ ഉത്പാദനച്ചെലവ് 42 .67 രൂപയാണ്. തുടർന്നിങ്ങോട്ട് സ്വകാര്യ കാലിത്തീറ്റ കമ്പനികൾ തീറ്റ വില വർദ്ധിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ശരാശരി കർഷകന് ഒരുലിറ്റർ പാലിന് ലഭിക്കുന്നത് 39 രൂപയോളം മാത്രമാണ്. നഷ്ടം സഹിച്ചും ക്ഷീരകർഷകർ മലയാളിയെ പാലൂട്ടുന്നു.
വെറ്ററിനറി മരുന്നുകൾ, ചികിത്സാചെലവ്, പെട്രോൾ/ഡീസൽ വില എന്നിവയിലും വൻ വർദ്ധനവുണ്ട്. ജനസാന്ദ്രത കൂടിയ കേരളത്തിൽ തീറ്റപ്പുൽ കൃഷിയ്ക്ക് സ്ഥലപരിമിതിയുണ്ട്. അതിനാൽ അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പാലിൽ 30 ശതമാനത്തിൽ താഴെ മാത്രമേ സംഘടിത മേഖലയിലൂടെ വിപണനം നടത്തുന്നുള്ളൂ. അസംഘടിത മേഖലയിലൂടെ വീടുകളിൽ വിപണനം നടത്തുമ്പോൾ കർഷകന് സംഘടിതമേഖലയേക്കാൾ 25 ശതമാനം അധികവിലയും ലഭിക്കുന്നു. ലോകത്തിൽ വെച്ചേറ്റവും കൂടുതൽ പാലുത്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിൽ മൊത്തം കാർഷിക ആഭ്യന്തര ഉത്പാദനത്തിന്റെ 25 ശതമാനം സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. സ്വയം തൊഴിൽ, സംരംഭകത്വം, സംസ്കരണം എന്നിവയിൽ ഈ മേഖല ഏറെ മുന്നിലാണ്. 70 ശതമാനത്തോളം വനിതാപങ്കാളിത്തം ക്ഷീര മേഖലയിലുണ്ട്. കാർഷിക മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഒരു ശതമാനം വളർച്ചയ്ക്ക് മൃഗസംരക്ഷണ മേഖല 2. 25 ശതമാനം വളർച്ച കൈവരിക്കണം. എന്നാൽ താരതമ്യേന ഈ വളർച്ചാനിരക്ക് എളുപ്പത്തിലാണ്.
പാലിന്റെ വില ഇനിയും വർദ്ധിപ്പിച്ചാൽ മാത്രമേ കേരളത്തിൽ ക്ഷീരമേഖലയ്ക്കു സുസ്ഥിരത കൈവരിക്കാൻ സാധിക്കൂ. ഭക്ഷണത്തിനു വേണ്ടി പ്രതിദിനം ചെലവഴിക്കുന്ന തുകയുടെ 15 ശതമാനത്തോളമാണ് മലയാളി പ്രതിദിനം പാലിന് വേണ്ടി ചെലവഴിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലവർദ്ധന പോലെ കാലിത്തീറ്റയുടെ വിലവർദ്ധനയ്ക്ക് ആനുപാതികമായി പാലിന്റെ വിലയും വർദ്ധിപ്പിക്കണം. വികസിത രാജ്യങ്ങളിൽ ഈ രീതി നിലവിലുണ്ട്. ഇത്തരം വില സൂചിക നടപ്പാക്കുന്നതിലെ കാലതാമസം ക്ഷീരകർഷകർ ഈ മേഖലയിൽ നിന്നും പിന്മാറാൻ വഴിയൊരുക്കും.
(ലേഖകൻ ബെംഗളൂരുവിലെ ട്രാൻസ്ഡ്ഐസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്)