
ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളുടെ ചരിത്രത്തിലെ നിർണായകനിമിഷം! ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകൾ ഉൾപ്പെടുന്ന അന്തർഗവണ്മെന്റുതല സംവിധാനമായ 'ഗ്രൂപ്പ് ഓഫ് ട്വന്റി'യുടെ അദ്ധ്യക്ഷപദവി ഇന്ത്യ ഏറ്റെടുക്കുന്നു. 1999ൽ സ്ഥാപിക്കപ്പെട്ട, ഈ സംവിധാനം ലോകജനസംഖ്യയുടെ മൂന്നിൽരണ്ടു ഭാഗവും ആഗോളവ്യാപാരത്തിന്റെ 75 ശതമാനവും ആഗോളതലത്തിലെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജിഡിപി) 80 ശതമാനവും ഉൾക്കൊള്ളുന്നതാണ്. ലോകത്തിലെ ആഗോളനയത്തിന്റെ കാര്യത്തിൽ കരുത്തുറ്റ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ജി20. തൽഫലമായി, നമ്മുടെ കാലത്തെ ഏറ്റവും പ്രധാന വിഷയങ്ങളായ സുസ്ഥിരവികസന ലക്ഷ്യങ്ങൾ, കാലാവസ്ഥാപ്രവർത്തനം, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യസംവിധാനങ്ങൾ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയവയെക്കുറിച്ച് ആലോചിക്കാനുള്ള പ്രധാന വേദിയായി ഇത് മാറുന്നു.
അദ്ധ്യക്ഷപദവി കൈവന്നതോടെ, കാര്യപരിപാടികളോടു പ്രതികരിക്കുന്നതിനുപകരം അവ നിശ്ചയിക്കാനുള്ള അവസരമാണ് ഇന്ത്യയ്‌ക്കു ലഭിച്ചത്. സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ സമ്പന്നമായ ചരിത്രവും ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുമുള്ള രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയ്‌ക്കു ഗണ്യമായതോതിൽ ജനസംഖ്യാപരവും ഭൂരാഷ്ട്രതന്ത്രപരവുമായ സ്വാധീനമുണ്ട്. ഇത് അദ്ധ്യക്ഷസ്ഥാനത്തിന്, അതിന്റെ മുൻഗണനകളിൽ കേന്ദ്രീകരിക്കാനും അതോടൊപ്പം രാജ്യത്തിന്റെ മികച്ച സമ്പ്രദായങ്ങൾ ലോകവുമായി പങ്കിടാനും ഉചിതമായ അവസരമൊരുക്കുന്നു. 43 പ്രതിനിധിസംഘത്തലവന്മാർ അടുത്തവർഷം സെപ്‌തംബറിൽ നടക്കുന്ന അവസാനത്തെ ന്യൂഡൽഹി ഉച്ചകോടിയിൽ പങ്കെടുക്കും. ജി20യിലെ എക്കാലത്തെയും ഏറ്റവും കൂടിയ എണ്ണം പ്രതിനിധികളാണിത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ വന്നുകൊണ്ടിരിക്കുന്നതിനൊപ്പം, കൊവിഡ് 19 മഹാമാരി നമ്മുടെ സംവിധാനങ്ങളുടെ ബലഹീനത തുറന്നുകാട്ടുകയും ചെയ്ത പശ്ചാത്തലത്തിൽ, മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയുയരുന്ന സമയത്താണ് ജി 20 യെ നയിക്കാനുള്ള അവസരം ഇന്ത്യക്കു ലഭിച്ചത്. കാർബൺവത്‌കരിക്കാതെ വ്യവസായവത്‌കരണം എന്ന വെല്ലുവിളിയോടെ, 2047ഓടെ 25 ദശലക്ഷം ടൺ വാർഷിക ഉത്‌പാദനശേഷി ലക്ഷ്യമിട്ടുള്ള ഹരിതഹൈഡ്രജന്റെ വൻതോതിലുള്ള വിപുലീകരണം, വരുംവർഷങ്ങളിൽ ഇന്ത്യയെ ശുദ്ധമായ ഊർജസാങ്കേതികവിദ്യയുടെ കയറ്റുമതിക്കാരാക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസന്ധികൾ വ്യവസായം, സമൂഹം, മേഖലകൾ എന്നിവയിലുടനീളം ബാധിക്കുന്നുവെന്നു മനസിലാക്കിയ ഇന്ത്യ ലോകത്തിനായി 'ലൈഫ്' (പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലി) എന്ന തത്വം മുന്നോട്ടുവച്ചു. നമ്മുടെ രാജ്യത്തിന്റെ സമ്പന്നവും പുരാതനവുമായ സുസ്ഥിര പാരമ്പര്യങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ പരിസ്ഥിതിബോധവത്‌കരണ രീതികൾ സ്വീകരിക്കാൻ ഉപഭോക്താക്കളെയും മാറിമറിയുന്ന വിപണികളെയും ആഹ്വാനം ചെയ്യാനുള്ള പെരുമാറ്റ അധിഷ്ഠിത മുന്നേറ്റമാണ് ലൈഫ്.
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങൾക്ക് അനുസൃതമായി അടിയന്തരമായി പൊതുജനാരോഗ്യവും ഭക്ഷ്യപ്രതിസന്ധിയും കണക്കിലെടുക്കേണ്ടിവന്നതിനാൽ, വർഷങ്ങളുടെ വികസനപുരോഗതി വലിയതോതിൽ പിന്നാക്കംപോയി. സുസ്ഥിരവികസനലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രതിബദ്ധത ജി20 ത്വരിതപ്പെടുത്തണം.
സാമൂഹ്യവും സാമ്പത്തികവുമായ പ്രതിബന്ധങ്ങൾ മറികടക്കാൻ ഇന്ത്യാ ഗവൺമെന്റ് തുടർച്ചയായി ഡിജിറ്റൽ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുകയാണ്. ഇന്ത്യയ്‌ക്ക് ജി 20 അദ്ധ്യക്ഷപദവി നമ്മുടെ അറിവ് ലോകവുമായി പങ്കിടാനുള്ള അവസരമാണ്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം (ആധാർ) വിജയകരമായി നടപ്പാക്കുകയും, 2014നും 2022നുമിടയിൽ 50 മടങ്ങു നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സാദ്ധ്യമാക്കുകയും ചെയ്ത ഇന്ത്യ, ഡിജിറ്റലായ പൊതുസാമഗ്രികളെയും വികസനത്തിനായുള്ള ഡാറ്റയുടെ ഉപയോഗത്തെയും അധികരിച്ചുള്ള ചർച്ചകൾ രൂപപ്പെടുത്തുന്നതിൽ കേന്ദ്രസ്ഥാനത്താണ്. 2022 ഒക്ടോബറിൽ, ഇന്ത്യയുടെ ഏകീകൃത പണമിടപാട് സംവിധാനം (യു.പി.ഐ) ഏഴ് ബില്യൺ ഇടപാടുകളാണു നടത്തിയത്. പ്രതിദിനം 230 ദശലക്ഷം ഇടപാടുകൾക്കു തുല്യമാണിത്. സാമ്പത്തിക ഉൾപ്പെടുത്തൽ മാതൃക ഏറ്റെടുക്കാനും വിജയകരമായി നടപ്പിലാക്കാനും ഇന്ത്യയ്‌ക്കു കഴിയുമെന്നാണ് ഇത് തെളിയിക്കുന്നത്. പൊതുഡിജിറ്റൽ അടിസ്ഥാനസൗകര്യം, സാമ്പത്തിക ഉൾപ്പെടുത്തൽ, കൃഷിമുതൽ വിദ്യാഭ്യാസം വരെയുള്ള മേഖലകളിലെ സാങ്കേതികവിദ്യാധിഷ്ഠിത വികസനം തുടങ്ങിയ മുൻഗണനാമേഖലകളിൽ കൂടുതൽ അറിവ് പങ്കിടാൻ ഇന്ത്യയ്‌ക്കു കഴിയും. ജെ.എ.എം ത്രയം പോലുള്ള പരിപാടികൾ, ഇന്ത്യയിലെ സ്ത്രീകൾക്കു വലിയതോതിൽ സാമ്പത്തികസ്വാതന്ത്ര്യമേകി. ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഉടമകളിൽ 56 ശതമാനവും സ്ത്രീകളാണ്. മുമ്പു ബാങ്ക് അക്കൗണ്ടില്ലാതിരുന്ന 23 കോടി സ്ത്രീകൾക്ക് ഇപ്പോൾ ബാങ്ക് അക്കൗണ്ടുണ്ട്.
ആഗോള അംഗീകാരത്തിൽ 2023 ഇന്ത്യയുടെ സുവർണവർഷമായി മാറുമ്പോൾ, സമവായത്തിൽ പ്രവർത്തിക്കുന്ന നയപരമായ ചട്ടക്കൂടുകൾ സുഗമമാക്കുക എന്നത് എളുപ്പമല്ല. റഷ്യ - യുക്രെയിൻ സംഘർഷം വിശാല വികസന അജൻഡകൾ നിഷ്പ്രഭമാക്കുമെന്ന ഭീഷണിയുയരുകയും, ലോകത്തിലെ വൻശക്തികൾ തമ്മിലുള്ള ഭൂരാഷ്ട്രതന്ത്ര ബന്ധങ്ങൾ കൂടുതൽ പ്രക്ഷുബ്ധമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, വർദ്ധിച്ചതോതിൽ ധ്രുവീകരിക്കപ്പെട്ട ലോകക്രമത്തിനിടയിലാണു രാജ്യത്തിനു ജി20 അധ്യക്ഷപദവി ലഭിക്കുന്നത്.
ആഗോള സമ്പദ് വ്യവസ്ഥ ആസന്നമായ മാന്ദ്യത്തിലേക്കും എക്കാലത്തെയും ഉയർന്ന ആഗോളകടത്തിലേക്കും ഉറ്റുനോക്കുകയാണ്. അതോടൊപ്പം, തകരുന്ന ഭക്ഷ്യസുരക്ഷയുടെയും തടസപ്പെടുന്ന വിതരണശൃംഖലയുടെയും കാര്യത്തിൽ രാജ്യങ്ങൾ മല്ലിട്ടുകൊണ്ടിരിക്കുകയാണ്. ഈ പരിതസ്ഥിതിയിൽ, ഐക്യത്തിന്റെ വക്താവായി ഉയരാനുള്ള അവസരമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
സാമ്പത്തിക സാമൂഹ്യ വളർച്ചയിൽ ഊർജസ്വലമായ രാജ്യങ്ങൾക്കായി പഴയ അധികാരകേന്ദ്രങ്ങൾ വഴിമാറുമ്പോൾ, ഇന്ത്യയുടെ അധ്യക്ഷപദവിക്ക് ഈ ഉന്നതതലസഖ്യത്തെ, പ്രത്യേക പരിഗണന ലഭിക്കാതിരുന്നവരുടെ താത്‌പര്യങ്ങളിലേക്കും ആവശ്യങ്ങളിലേക്കും പുനഃക്രമീകരിക്കാനുള്ള കഴിവുണ്ട്. ജി20 അധ്യക്ഷപദവിയിലിരിക്കുമ്പോൾ, ഇന്ത്യ ആഗോളവെല്ലുവിളികളെ മാറ്റത്തിനുള്ള അവസരങ്ങളാക്കിയെടുക്കും.