man

ഒരു ചെറുപ്പക്കാരൻ ഈയിടെ എന്നെ വിളിച്ചു. അശോകൻ എന്നാണ് പേര്. താൻ നേരിടുന്ന ഒരു പ്രശ്നത്തിന് പോംവഴി തേടുകയാണ്. ഉപദേശം വേണം എന്നതാണ് ആവശ്യം. (ഇതേ പ്രശ്നം നേരിടുന്ന പലരുമുണ്ടെന്നതിനാൽ അവരുടെ അറിവിലേക്കു കൂടിയാണ് ഇത് കുറിക്കുന്നത്.)

എൻജിനിയറിംഗ് ബിരുദധാരിയായ ഈ മുപ്പത്തഞ്ചുകാരൻ ടെക്‌നോപാർക്കിലെ അറിയപ്പെടുന്ന സോഫ്‌ട് വെയർ കമ്പനിയിൽ തരക്കേടില്ലാത്ത ജോലി ചെയ്യുന്നു. വീട്ടമ്മയായ ഭാര്യയും ഒന്നാംക്ലാസിൽ പഠിക്കുന്ന മകളും അടങ്ങുന്ന കുടുംബം. കഴക്കൂട്ടത്തെ സ്വന്തം ഫ്ളാറ്റിൽ താമസിക്കുന്നു. സ്വന്തമായി കാറും മോട്ടോർസൈക്കിളുമുണ്ട്. സന്തുഷ്ടകുടുംബം. മാതാപിതാക്കൾ നാട്ടിലാണ്; അവരുടെ കാർഷികവരുമാനവും സർക്കാർ ജീവനക്കാരായിരുന്നതിനാൽ കിട്ടുന്ന പെൻഷനും അവരുടെ ജീവിതത്തിന് ധാരാളം.

പക്ഷേ അശോകൻ കടക്കെണിയിൽപ്പെട്ടിരിക്കുന്നു. മാസം തോറും ഭവനവായ്പ 25,000 രൂപ (15 വർഷം ബാക്കി), കാർ വായ്പ 6,000 രൂപ (അഞ്ച് വർഷം ബാക്കി), ടൂവീലർ വായ്പ 2,000 രൂപ (മൂന്ന് വർഷം ബാക്കി), ക്രെഡിറ്റ് കാർഡ് വായ്പ 9,000 രൂപ (എട്ട് മാസം ബാക്കി), 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പോളിസിയുടെ പ്രീമിയം 7,000 രൂപ (23 വർഷം ബാക്കി), പബ്ലിക്
പ്രോവിഡന്റ് ഫണ്ട് 1,000 രൂപ, മകളുടെ പേരിൽ സുകന്യ സമൃദ്ധി യോജന 1,000 രൂപ. മകളുടെ സ്‌കൂൾഫീസിനും ബസിനും
ഫ്ളാറ്റിന്റെ മെയ്ന്റനൻസിനും സ്വന്തം വാഹനങ്ങളുടെ പെട്രോളിനുമായി 10,000 രൂപ വേണം. 79,000 രൂപ പ്രതിമാസശമ്പളമുള്ള അശോകന് ആദായനികുതി 2,000 രൂപ കഴിച്ച് കയ്യിൽ കിട്ടുന്നതിൽ നിന്ന് ഇതെല്ലാം മാറ്റിയാൽ ശേഷിക്കുന്ന 16,000 രൂപ കൊണ്ടുവേണം മൂന്നുപേരുള്ള കുടുംബം പുലർത്താൻ.

പ്രതിവിധി കുറിക്കുന്നതിനുമുമ്പ്
അശോകനോട് ഞാൻ ചോദിച്ചു :

"ക്രെഡിറ്റ് കാർഡ് വായ്പയുടെ പലിശനിരക്ക് എത്രയാണെന്ന് അറിയാമോ?" . ഉടൻ വന്നു മറുപടി: "രണ്ടര ശതമാനം."

"ഇത് മാസനിരക്കാണ്; എന്നു വെച്ചാൽ വാർഷിക നിരക്ക് 30 ശതമാനം" ഞാൻ വിശദീകരിച്ചപ്പോൾ അയാൾ അന്തംവിട്ടുപോയി.

ഗുരുതരമായ രോഗം ശമിക്കാൻ കയ്പുള്ള മരുന്ന് കഴിക്കേണ്ടിവരുമെന്ന് ആമുഖമായി പറഞ്ഞശേഷം ഞാൻ വിഷയത്തിലേക്ക് കടന്നു. എല്ലാ വായ്പയുടെയും മാസത്തവണകളുടെ തുക വരുമാനത്തിന്റെ നാൽപത്, ഏറിയാൽ അൻപത് ശതമാനമേ ആകാവൂ എന്ന തത്വം പാലിക്കാത്തതാണ് പ്രശ്നത്തിന്റെ അടിസ്ഥാനകാരണം. കൂടിയ പലിശനിരക്കുള്ള വായ്പകൾ ആദ്യം തിരിച്ചടയ്ക്കുക. ക്രെഡിറ്റ് കാർഡ് വായ്പ വേണം ആദ്യം തിരിച്ചടയ്‌ക്കേണ്ടത്. അതിന് പണം കണ്ടെത്തേണ്ടേ?

സിബിൽ സ്‌കോർ താഴ്ന്നിരിക്കാനാണ് സാദ്ധ്യത. അതിനാൽ ധനകാര്യ സ്ഥാപനങ്ങൾ ഇനി കടം തരാൻ സാദ്ധ്യതയില്ല. അഥവാ അവർ തയ്യാറായാലും ഇനിയും വാണിജ്യാടിസ്ഥാനത്തിലുള്ള കടമെടുക്കുന്നത് ആശാസ്യമല്ല. പ്രോവിഡന്റ് ഫണ്ടിൽനിന്നും പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ നിന്നും വായ്പ കിട്ടും; അല്ലെങ്കിൽ ഒരു പങ്ക് പിൻവലിക്കാം. ഈ വഴികൾ തേടി എത്ര പണം സ്വരൂപിക്കാമെന്ന് അന്വേഷിച്ച് തിരിച്ചുവരാൻ അയാളോട് പറഞ്ഞു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ അശോകൻ വന്നു. പ്രോവിഡന്റ് ഫണ്ടിൽനിന്നും പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ നിന്നുമായി ആകെ ഒരു ലക്ഷം രൂപ പിൻവലിക്കാം.

ഞാൻ പറഞ്ഞ്: ആ സംഖ്യകൊണ്ട് ക്രെഡിറ്റ് കാർഡ് വായ്പ (72,000 രൂപ) തിരിച്ചടയ്ക്കുക. (അപ്പോൾ വീട്ടുചെലവിനുള്ള പണം 16,000 രൂപയിൽനിന്ന് 25,000 രൂപയായി ഉയരും.)

എന്നിട്ട് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ ഒരു ടേം (പ്യൂർ റിസ്‌ക്) പോളിസി വാങ്ങുക. ഓൺലൈനായി എടുത്താൽ 50 ലക്ഷം രൂപയ്ക്ക് ഏതാണ്ട് 20,000 രൂപയേ വാർഷികപ്രീമിയം വരൂ.
(ഈ തുക തിരിച്ചുകിട്ടില്ല എന്നതു മാതം ഓർത്തിരിക്കുക. ഇതൊരു നഷ്ടമായി കണക്കാക്കരുത്; കുടുംബത്തിന്റെ സുരക്ഷയ്ക്കുള്ള ചെലവായി മാത്രം കണക്കാക്കുക.)

ബാക്കിയുള്ള 8,000 രൂപ കൊണ്ട് കുടുംബത്തിലെ മൂന്നംഗങ്ങൾക്കുമുള്ള ഒരു മെഡിക്ലെയിം പോളിസി ഏർപ്പാടാക്കുക. ടേം പോളിസി എടുത്തതിനുശേഷം (മാത്രം) നിലവിലുള്ള 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ക്യാൻസൽ ചെയ്യുക. (പോളിസി സറണ്ടർ ചെയ്താൽ കിട്ടുന്ന തുക ഉടനെ കാർ വായ്പയിൽ അടയ്ക്കുക.) ഇതോടെ വീട്ടുചെലവിന് 31,000 രൂപയുണ്ടാവും. ഈ തുകകൊണ്ട് മൂന്നുപേർക്ക് സുഖമായി കഴിയാമെന്നുമാത്രമല്ല, സമ്പാദ്യമായി കുറച്ചുതുക മാറ്റിവെയ്ക്കാനും കഴിയണം. മാസം തോറും പബ്ലിക്
പ്രോവിഡന്റ് ഫണ്ടിൽ അടയ്ക്കുന്ന തുക 1,000 രൂപയിൽനിന്ന് 5,000 അല്ലെങ്കിൽ 3,000 ആയെങ്കിലും വർദ്ധിപ്പിക്കുക.

അടുത്തപടി ലാഭമോ നഷ്ടമോ എന്നൊന്നും നോക്കാതെ കാർ വിൽക്കുക എന്നതാണ്. ആളുകൾ എന്തുവിചാരിക്കുമെന്നൊന്നും വേവലാതിപ്പെടരുത്. സ്വന്തം പൊങ്ങച്ചത്തിനും മേനിയ്ക്കും മാസം തോറും 6,000 രൂപ വലിയൊരു വിലതന്നെയാണ്. മൂന്നുപേർക്ക് തത്‌കാലം ഒരു ടൂവീലർ മതിയെന്ന് തീരുമാനിക്കുക. ജോലിസ്ഥലം അകലെയൊന്നുമല്ലല്ലോ.

പക്ഷേ കാർ വിറ്റുകിട്ടുന്ന തുക വായ്പ തിരിച്ചടയ്ക്കാൻ മതിയാവാൻ സാദ്ധ്യതയില്ല. അതിനാൽ ആ കമ്മി (ഒരു ലക്ഷം രൂപ വരും) നികത്താൻ പണം കണ്ടെത്തണം. അതായിരിക്കും ഏറ്റവും വലിയ കടമ്പ. പത്തുമാസം 11,000 രൂപ വച്ച് തിരിച്ചുതരാമെന്ന നിബന്ധനയിൽ അച്ഛനോട് ഒരു ലക്ഷം രൂപ കടം വാങ്ങുക.

ആ നാഴികക്കല്ല് കടന്നാൽ കാർ വായ്പയുടെ തവണയായി 6,000 രൂപ മാത്രമല്ല, പെട്രോൾ, സർവീസ്, തേയ്‌മാനം, റിപ്പയർ, ഇൻഷ്വറൻസ് എന്നീ ഇനങ്ങളിലായി ചെലവാകുന്ന പണവും (കുറഞ്ഞത് പ്രതിമാസം 5,000 രൂപ) ലാഭിക്കാം. ആദ്യത്തെ പത്തുമാസം ഈ 11,000 രൂപ അച്ഛന് അയച്ചുകൊടുക്കുക.

'അച്ഛന്റെ വായ്പ പത്തുമാസം കൊണ്ട് തിരിച്ചടച്ചശേഷം എന്നെ വീണ്ടും വന്നുകാണൂ' ഞാൻ അശോകനെ യാത്രയാക്കി.

കാർ സ്റ്റാർട്ട് ചെയ്യുന്നതിനുമുമ്പ് അശോകൻ ചോദിച്ചു, "അപ്പോൾ എന്റെ ക്രെഡിറ്റ് കാർഡ്? അത് കാൻസൽ ചെയ്‌തേക്കാം, അല്ലേ സർ?"

"അത് പോക്കറ്റിലിരിക്കട്ടെ; ആവശ്യത്തിന് ഉപയോഗിക്കാം. ബിൽത്തുക മുഴുവനായും യഥാസമയം കൊടുക്കാൻ മറക്കരുതെന്നു മാത്രം."

( ലേഖകൻ മൂന്ന് പൊതുമേഖലാ ബാങ്കുകളിൽ ദീർഘകാലം ജനറൽ മാനേജരായും ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഫോൺ - 94460 70555)