
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ കോർപ്പറേറ്ര് കടപ്പത്ര ഇ.ടി.എഫ് ആയ ഭാരത് ബോണ്ട് ഇ.ടി.എഫിന്റെ നാലാംഘട്ടത്തിന് കേന്ദ്രസർക്കാർ ഇന്ന് തുടക്കമിടും. സാധാരണക്കാരെയും കടപ്പത്രവിപണിയിലേക്ക് ആകർഷിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാങ്ക് വായ്‌പയ്ക്ക് പുറമേ മൂലധനം കണ്ടെത്താൻ പുത്തൻ വഴിയൊരുക്കുകയും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചതാണ് ഭാരത് ബോണ്ട് ഇ.ടി.എഫ്.
2033ൽ കാലാവധി അവസാനക്കുന്ന ഭാരത് ബോണ്ട് ഇ.ടി.എഫ്., ഭാരത് ബോണ്ട് ഫണ്ട് ഒഫ് ഫണ്ട് സീരീസാണ് നാലാംഘട്ടത്തിലുള്ളത്. 1,000 കോടി രൂപയുടെ പ്രാഥമിക സമാഹരണമാണ് കേന്ദ്രംലക്ഷ്യമിടുന്നത്. ആവശ്യക്കാരേറിയാൽ കൂടുതൽ കടപ്പത്രങ്ങൾ ഇറക്കാവുന്ന 'ഗ്രീൻ ഷൂ" ഓപ്‌ഷൻ പ്രയോജനപ്പെടുത്തി 4,000 കോടി രൂപവരെയും സമാഹരിക്കും. കഴിഞ്ഞ ഡിസംബറിൽ അവതരിപ്പിച്ച മൂന്നാംഘട്ടത്തിൽ 1,000 കോടി രൂപയായിരുന്നു ഉന്നമിട്ടതെങ്കിലും 6,200 കോടി രൂപയുടെ സമാഹരണമുണ്ടായി.
₹29,000 കോടി
2019ലാണ് കേന്ദ്രസർക്കാർ ഭാരത് ബോണ്ട് ഇ.ടി.എഫ് അവതരിപ്പിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ, 'എ.എ.എ" റേറ്രിംഗുള്ള കടപ്പത്രങ്ങളാണ് ഈ എക്‌സ്ചേഞ്ച് ട്രേഡഡ് (ഇ.ടി.എഫ്) ഫണ്ടിലുണ്ടാവുക.
കഴിഞ്ഞ 3 ഘട്ടങ്ങളിലായി 29,600 കോടി രൂപ കേന്ദ്രം സമാഹരിച്ചു. 2019ൽ 12,400 കോടി രൂപ, രണ്ടാംഘട്ടത്തിൽ 11,000 കോടി രൂപ, മൂന്നാംഘട്ടത്തിൽ 6,200 കോടി രൂപ എന്നിങ്ങനെയാണ് നേടിയത്.