
ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം 506/4
നാലുപേർക്ക് സെഞ്ച്വറി
ഇംഗ്ളണ്ട് തകർത്തത് 112 വർഷം പഴക്കമുള്ള റെക്കാഡ്
സാക്ക് ക്രാവ്‌ലി 122
ബെൻ ഡക്കറ്റ് 107
ഒലീ പോപ്പ് 108
ഹാരി ബ്രൂക്ക് 101*
റാവൽപിണ്ടി : 16 വർഷത്തിന് ശേഷം പാകിസ്ഥാൻ പര്യടനത്തിനെത്തിയ ഇംഗ്ളണ്ട് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ നാലുവിക്കറ്റ് നഷ്‌ടത്തിൽ 506 റൺസടിച്ചുകൂട്ടി തകർത്തത് 112 വർഷം പഴക്കമുള്ള റെക്കാഡ്.വെറും 75 ഓവർബാറ്റുചെയ്താണ് ഇംഗ്ളണ്ട് പടുകൂറ്റൻ സ്കോറിലെത്തിയത്.
മത്സരത്തിന് മുമ്പ് പ്രധാനതാരങ്ങൾക്കെല്ലാം അസുഖം പിടിപെട്ടതിനാൽ കളി നടക്കുമോ എന്നുപോലും സംശയിച്ചിരുന്നിടത്താണ് ടെസ്റ്റിലെ ട്വന്റി-20 മോഡൽ റൺവേട്ട നടന്നത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ‌്ളണ്ടിനായി സാക്ക് ക്രാവ്‌ലി (122),ബെൻ ഡക്കറ്റ് (107),ഒലീ പോപ്പ് (108),ഹാരി ബ്രൂക്ക് (101 നോട്ടൗട്ട്)
എന്നിങ്ങനെ നാലുതാരങ്ങൾ സെഞ്ച്വറി നേടിയതാണ് ചരിത്ര സ്കോറിലേക്ക് വഴിതെളിച്ചത്.
ഓപ്പണിംഗിൽ ക്രാവ്‌ലിയും ഡക്കറ്റും ചേർന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്. ഇരുവരും അടുത്തടുത്ത് പുറത്തായതിന് പിന്നാലെ ജോ റൂട്ടും (23) മടങ്ങിയെങ്കിലും നാലാം വിക്കറ്റിൽ ഒല്ലീ പോപ്പും ഹാരി ബ്രൂക്കും 176 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പാകിസ്ഥാൻ തകർന്നു.
1910
ൽ ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യ ദിനം ഉയർത്തിയിരുന്നു 494/6 എന്ന സ്കോറാണ് ഇന്നലെ ഇംഗ്ളണ്ട് മറികടന്നത്. ടെസ്റ്റിന്റെ ഒരു ദിവസം 500ലേറെ റൺസ് സ്കോർ ചെയ്യുന്ന ആദ്യ ടീമാണ് ഇംഗ്ളണ്ട്.
ഒരോവറിൽ ആറു ഫോറുകൾ
ഓരോവറിലെ ആറുപന്തും ബൗണ്ടറി പറത്തി ഹാരി ബ്രൂക്സ് റെക്കാഡ് സൃഷ്‌ടിച്ചു.പാക് അരങ്ങേറ്റ ബൗളർ സൗദ് ഷക്കീലിനെതിരെയായിരുന്നു ബ്രൂക്സിന്റെ നായാട്ട്.