കൊല്ലം: കശുഅണ്ടി മേഖലയിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് സംബന്ധിച്ച അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 19ന് രാവിലെ 10ന് കൊല്ലം സബ് റീജണൽ പ്രോവിഡന്റ് ഫണ്ട് ഓഫീസിന് മുന്നിൽ ധർണ നടത്താനും തീരുമാനിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി യോഗത്തിൽ സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്‌സ് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ശൂരനാട് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. ഭാരവാഹികളായ കോതേത്ത് ഭാസുരൻ, പെരിനാട് മുരളി, ടി.ആർ.ഗോപകുമാർ, കുന്നത്തൂർ ഗോവിന്ദപ്പിള്ള, പാൽക്കുളങ്ങര ഹരിദാസ്, മോഹൻലാൽ, ഒ.ബി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.