
തിരുവനന്തപുരം: വിഴിഞ്ഞം സമരാനുകൂലികൾ നടത്തിയ അക്രമ സംഭവങ്ങളിൽ നിലവിൽ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് എൻഐഎ. നേരത്തെ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന അടക്കം അന്വേഷിക്കും എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് എൻഐഎ ഔദ്യോഗികമായി പ്രതികരിച്ചത്. ക്രമസമാധാന പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാറില്ലെന്നും സംസ്ഥാനത്ത് ബ്രാഞ്ച് പ്രവർത്തിക്കുന്നതിനാൽ വിവരശേഖരണം നടത്താറുണ്ടെന്നും എൻഐഎ അറിയിച്ചു. കൂടാതെ നിർദേശം ലഭിക്കാതെ നേരിട്ട് കേസ് ഏറ്റെടുക്കാറില്ലെന്നും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എൻഐഎ ഉദ്യോഗസ്ഥൻ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ തേടിയിരുന്നു. എന്നാലത് ഔദ്യോഗിക അന്വേഷണത്തിന്റെ ഭാഗമായിരുന്നില്ല എന്ന് ഇതോടെ വ്യക്തമായി. അതേ സമയം വിഴിഞ്ഞത്തെ സ്റ്റേഷൻ ആക്രമണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചു. അക്രമികളുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് പൊലീസ് വിവേകത്തോടെ തിരിച്ചറിഞ്ഞു. പൊലീസിന്റെ ധീരമായ നിലപാട് കാരണമാണ് അക്രമികളുടെ ലക്ഷ്യം നടക്കാതെ പോയതെന്നും വിഴിഞ്ഞം സംഘർഷം നടന്നതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു.വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സ്വൈര്യം കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭീഷണിയ്‌ക്ക് പുറമെ ആക്രമണവും വ്യാപകമായി നടക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.