k-sudhakaran

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ തുറമുഖ വിരുദ്ധ സമരാനുകൂലികളെ ന്യായീകരിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മത്സ്യ തൊഴിലാളികളെ ആക്രമിച്ചതിലുള്ള പ്രത്യാക്രമണം മാത്രമാണ് ഉണ്ടായതെന്നായിരുന്നു കെ സുധാകരന്റെ വാദം. സംഭവത്തെ വിമോചന സമരവുമായി ചേർത്ത് പരാമർശിച്ച അദ്ദേഹം സ‌ർക്കാരിനെതിരെയും വിമർശനമുന്നയിച്ചു. അടിച്ചാൽ തിരിച്ചടി കിട്ടും. വിമോചന സമരം ഓർമ്മിക്കണം. ഇനിയൊരു വിമോചന സമരം വേണമോയെന്ന് സി.പി.ഐ.എം ചിന്തിക്കണം. ഇങ്ങനെ പോയാൽ പുതിയ വിമോചന സമരം ഉണ്ടാകുമെന്നും കെ സുധാകരൻ പരാമർശം നടത്തി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളോടൊപ്പമാണ് കോൺഗ്രസ് പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം വിഴിഞ്ഞം പദ്ധതിയിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പദ്ധതി നിർത്തലാക്കണം എന്ന സമരസമിതിയുടെ ആവശ്യം അംഗീകരിക്കാനാകില്ല എന്ന് അദ്ദേഹം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പൊതുപരിപാടിയ്ക്കിടയിൽ പറഞ്ഞു. സമരസമിതിയുടെ മറ്റെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി പദ്ധതി പകുതി വഴിയിൽ നിർത്തിവെച്ചാൽ അത് മോശം സന്ദേശമായിരിക്കും നൽകുന്നതെന്നും കൂട്ടിച്ചേർത്തു. പ്രതിഷേധം വേറെ തലത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നെന്നും നാടിന്റെ ശാന്തിയും സമാധാനവും തകർക്കാനാണ് ശ്രമമെന്നും ഇത് വഴി പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.