
ദോഹ : നിർണായകമായ അവസാന മത്സരത്തിൽ ക്രൊയേഷ്യയോട് ഗോളില്ലാ സമനില വഴങ്ങിയ ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം പ്രീ ക്വാർട്ടർ കാണാതെ പുറത്തായി.അപ്രതീക്ഷിത മുന്നേറ്റവുമായെത്തിയ ആഫ്രിക്കൻ രാജ്യം മൊറോക്കോ ഇന്നലെ കാനഡയെ 2-1ന് തോൽപ്പിച്ച് ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ കടന്നു. കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പുകളായ ക്രൊയേഷ്യ ഇക്കുറി മൊറോക്കോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് അവസാന പതിനാറിൽ ഇടം പിടിച്ചത്.
1986
ലോകകപ്പിന് ശേഷം ആദ്യമായാണ് മൊറോക്കോ പ്രീ ക്വാർട്ടറിലെത്തുന്നത്.
2018
ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായിരുന്നു ബെൽജിയം. തങ്ങളുടെ സുവർണതലമുറയിലെ സൂപ്പർ താരങ്ങളായ കെവിൻ ഡി ബ്രുയാൻ,ഏദൻ ഹസാഡ്,റൊമേലു ലുക്കാക്കു തുടങ്ങിയവരുമായി എത്തിയിട്ടും അവർക്ക് ഗ്രൂപ്പ് റൗണ്ടിന് അപ്പുറത്തേക്ക് കടക്കാനായില്ല.
ഇന്ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞ പോർച്ചുഗലും ബ്രസീലും സ്ഥാനം കൊതിക്കുന്ന ഘാനയും ഉറുഗ്വേയും കളത്തിലിറങ്ങും. പോർച്ചുഗലിന് ദക്ഷിണ കൊറിയയും ബ്രസീലിന് കാമറൂണുമാണ് എതിരാളികൾ.ഘാന ഉറുഗ്വേയെ നേരിടും.