gg

സ്ത്രീകളെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നമാണ് തലമുടിയുടെ സംരക്ഷണം. മുടി കൊഴിച്ചിൽ,​ താരൻ,​ തുമ്പ് പൊട്ടൽ എന്നിവ ഒഴിവാക്കാനും മുടിയുടെ വളർച്ചയ്ക്കും ചെയ്യാവുന്ന എല്ലാ മാർഗങ്ങളും അവർ സ്വീകരിക്കാറുണ്ട്. വീട്ടിൽ പതിവായി ഉണ്ടാകാറുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് അധിക ചെലവില്ലാതെ തന്നെ നിങ്ങൾക്ക് തലമുടി സംരക്ഷിക്കാം. കൂടാതെ മുടിക്ക് കരുത്തും കാന്തിയും ലഭിക്കുകയും ചെയ്യും.

അടുക്കളയിൽ എപ്പോഴും കാണാറുള്ള ഒന്നാണ് ഉലുവ. ഉലുവ പാചകത്തിന് എന്ന പോലെ സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാറുണ്ട്. മുടിയുടെ സംരക്ഷണത്തിന് ഇവ എങ്ങനെ പ്രയോജനപ്പെടുത്താം എന്നു നോക്കാം.

ഉലുവ നന്നായി കുതിർത്ത ശേഷം അരച്ച് പേസ്റ്റാക്കുക. അതിന് ശേഷം ഇതിൽ അല്പം ചെറുനാരങ്ങാ നീര് ചേർക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം,​ ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയുന്നു. മുടിക്ക് തിളക്കം ലഭിക്കാനും ഇത് സഹായിക്കുന്നു.

വെളിച്ചെണ്ണയ്ക്കൊപ്പം ഉലുവ ചേർത്ത് ഉപയോഗിക്കുന്നതും മുടി വളരാൻ സഹായിക്കും,​ വെളിച്ചെണ്ണയിൽ ഉലുവയിട്ട് ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കണം. ഈ എണ്ണ ചെറുചൂടോടെ തലയിൽ പുരട്ടി മസാജ് ചെയ്യാം. കുതിർത്ത് അരച്ച ഉലുവയിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്ത് കലക്കിയെടുക്കുക. ഈ മിശ്രിതം മുടിയിൽ തേച്ചുപിടിപ്പിക്കണം,​ അല്പം കഴിഞ്ഞ് കഴുകിക്കളയണം. ഇത് മുടിയുടെ ഉള്ളും തിളക്കവും വർദ്ധിപ്പിക്കും,​

കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച മിശ്രിതം തലയിൽ പുരട്ടുന്നതും മുടിയുടെ വളർച്ചയെ സഹായിക്കും. അകാലനര പ്രതിരോധിക്കാനും ഇതു ഫലപ്രദമാണ്.

കുതിർത്ത് അരച്ചെടുത്ത ഉലുവ തൈരിൽ ചേർത്ത് മുടിയിൽ തേയ്ക്കാം. മുടി കൊഴിച്ചിൽ തടയാൻ ഇത് സഹായിക്കും,​ താരനും ഇത് പ്രതിവിധിയാണ്. ഉലുവ കുതിർത്ത് അരച്ച ശേഷം തേങ്ങാപ്പാലിൽ കലക്കി മുടിയിൽ പുരട്ടാം. മുടി വരളുന്നത് തടയാനും മൃദുത്വം നേടാനും ഇത് ഫലപ്രദമാണ് .