
ദിവസവും കുളി കഴിഞ്ഞാൽ ചെവി വൃത്തിയാക്കുന്ന പ്രവണതയുള്ളവരാണ് കൂടുതൽ പേരും. ഇതിനായി പലപ്പോഴും വാഹനങ്ങളുടെ താക്കോൽ, ഹെയർപിൻ, ടൂത്ത് പിക്ക് എന്നിങ്ങനെ കൈയ്യിൽക്കിട്ടുന്നതെന്തും ഉപയോഗിക്കുകയായിരിക്കും പതിവ്. ഇപ്പോൾ സംഗീതം ആസ്വദിക്കാനായി എയർബഡ്സ് ദിവസവും ഉപയോഗിക്കുന്നതിനാൽ തന്നെ പലരും ചെവിയിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും അതിന് പിന്നാലെ ചെവി സ്വന്തം നിലയിൽ തന്നെ വൃത്തിയാക്കാൻ ശ്രമിക്കാറുമുണ്ട്.
എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി വിപരീത ഫലം മാത്രമാണുണ്ടാകുന്നത് എന്നാണ് യാഥാർഥ്യം. സ്വന്തമായി ചെവി വൃത്തിയാക്കുന്നതിലൂടെ ഇയർ വാക്സിനെ കൂടുതൽ ഉള്ളിലേയ്ക്ക് തള്ളിയകറ്റാറാണ് പലരും ചെയ്യുന്നത്. കൂടാതെ ചെവിയിലേയ്ക്ക് കൂർത്ത വസ്തുക്കൾ കടത്തുന്നത് വഴി കേൾവിയ്ക്ക് തന്നെ തകരാറ് സംഭവിച്ചെന്നും വരാം.
സാധാരണയായി ചെവിയ്ക്കുള്ളിലെ വാക്സ് എടുത്ത് കളയേണ്ട ആവശ്യമുണ്ടാകാറില്ല. പലപ്പോഴും കുളിയ്ക്കുന്ന സമയങ്ങളിൽ മറ്റും അധികമായ ഇയർ വാക്സ് പുറത്തേയ്ക്ക് പോകാറാണ് പതിവ്. എന്നാൽ അമിതമായി ഇയർവാക്സ് അടിഞ്ഞ് കൂടി കേൾവിക്കുറവ് അടക്കം അനുഭവപ്പെടുന്നെങ്കിൽ ഡോക്ടറിന്റെ പക്കലെത്തി ചെവി വൃത്തിയാക്കാവുന്നതാണ്. അല്ലാതെ തന്നെ, മറ്റ് മാർഗങ്ങളെ അപേക്ഷിച്ച് സുരക്ഷിതമായ നിലയിൽ ചെവി വൃത്തിയാക്കാനുള്ള ഒരു മാർഗം പരിചയപ്പെടാം.
• രണ്ടോ മൂന്നോ തുള്ളി ഒലിവ് ഓയിൽ ദിവസവും മൂന്ന് മുതൽ അഞ്ച് തവണ ഇടവേളകളിൽ ചെവിയിൽ ഒഴിക്കുക.
• എണ്ണ കൃത്യമായി ചെവിയ്ക്കുള്ളിൽ പ്രവേശിക്കാൻ ഒരു വശത്തേയ്ക്ക് ചരിഞ്ഞ് കിടക്കാവുന്നതാണ്.
• ഇങ്ങനെ ചെയ്താൽ രണ്ടാഴ്ചയ്ക്കുള്ളിൽ ചെവിയിലെ അഴുക്ക് പുറത്തേയ്ക്ക് വരും
• രാത്രി കാലങ്ങളിൽ ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ ചെയ്യുന്നതായിരിക്കും ഉചിതം