
തിരുവനന്തപുരം: കോഫി ഷോപ്പിലേതിന് സമാനമായി ചായയും കുടിച്ച് സ്നാക്സും കഴിച്ച് കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റിക്കാണാൻ അവസരമൊരുങ്ങുന്നു. ഇതിനായി കെ.എസ്.ആർ.ടി.സി രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി ചേർന്നാണ് ബസുകൾ വാങ്ങുന്നത്. ആറാം തീയിതി വരെ ടെൻഡർ സമർപ്പിക്കാം.
താഴെ റസ്റ്റോറന്റ്, മുകളിൽ നഗരക്കാഴ്ച
ബസിന്റെ താഴത്തെ നിലയെ റസ്റ്റോറന്റായി മാറ്റും.ഫ്രിഡ്ജ്,മൈക്രോവേവ് ഒവൻ,ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കാൻ സ്ഥലം എന്നിവയുണ്ടാകും. കോഫീ ഷോപ്പുകളിലേതിന് സമാനമായി യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കും. ഇലക്ട്രിക് ബസിന്റെ മേൽക്കൂര ആവശ്യാനുസരണം ഇളക്കിമാറ്റാൻ കഴിയുന്നതായിരിക്കണമെന്ന് ടെൻഡറിൽ വ്യക്തമാക്കിയിട്ടുണ്ട്. ബസുകളുടെ അഞ്ച് വർഷത്തെ പരിപാലന ചുമതലയും ടെൻഡർ എടുക്കുന്ന കമ്പനിക്കായിരിക്കും. രണ്ട് വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ (ഏതാണോ ആദ്യം) വരെ വാറന്റിയും കരാറുകാരൻ നൽകണം. മരങ്ങളുടെ ചില്ലകളും മറ്റും തട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാൻ വശങ്ങളിൽ വിൻഡ് ഷീൽഡുകളും സ്ഥാപിക്കണം.
പ്രത്യേകതകൾ
സിറ്റി റൈഡ്
വിദേശരാജ്യങ്ങളിലേതിന് സമാനമായി ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡക്കർ ഓപ്പൺ ഡെക്ക് ബസ് ഇപ്പോൾ തലസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ട്, പദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്,നിയമസഭ,മ്യൂസിയം,കനകക്കുന്ന് കൊട്ടാരം,വെള്ളയമ്പലം,കോവളം,ലുലുമാൾ റൂട്ടിലാണ് രാത്രി ഈ ബസിന്റെ സർവീസ്.നിലവിൽ വൈകിട്ട് 5 മുതൽ 10 വരെ നീണ്ടുനിൽക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതൽ 4 വരെ നീണ്ടുനിൽക്കുന്ന ഡേ സിറ്റി റൈഡുമാണുള്ളത്. 250 രൂപയാണ് ടിക്കറ്റ് നിരക്ക്.യാത്രക്കാർക്ക് വെൽക്കം ഡ്രിങ്ക്സ്,സ്നാക്സ് എന്നിവയും ലഭ്യമാണ്.ഡീസൽ ബസുകൾക്ക് കിലോമീറ്ററിന് 37 രൂപ ചെലവാകുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് 23 രൂപയേ ചെലവ് വരുന്നുള്ളൂ.