mobile-game

പണ്ടൊക്കെ കൂട്ടുകാരുടെ കൂടെ പാടത്തൊക്കെയായിരുന്നു കുട്ടികളുടെ കളി. കാലം മാറിയതോടെ 'കുട്ടിക്കളി' മൊബൈലുകളിലും ടാബുകളിലുമൊക്കെയായി. ഫ്രീഫയർ അടക്കമുള്ള ഗെയിമുകളുടെ അടിമകളാണ് പല കുട്ടികളുമിന്ന്. വയലൻസ് ഗെയിമുകളോടുള്ള അ‌ഡിക്ഷൻ കുഞ്ഞുങ്ങളുടെ പഠനത്തെയും സ്വഭാവത്തെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ഗെയിമുകൾ കാരണം ആത്മഹത്യ ചെയ്ത കുട്ടികളുമുണ്ടെന്നോർക്കണം. വഴക്കുപറഞ്ഞും, തല്ലിയും മൊബൈൽ ഗെയിമിലുള്ള മക്കളുടെ അഡിക്ഷൻ മാറ്റാൻ ശ്രമിക്കുന്ന നിരവധി രക്ഷിതാക്കൾ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളുടെ വാശി കൂടുകയാണ് ചെയ്യാറ്. എന്താണ് ഇതിനൊരു പരിഹാരം?


കുട്ടികൾ തിരഞ്ഞെടുക്കുന്ന ഗെയിമുകൾ ഏതൊക്കെയാണെന്ന് മനസിലാക്കുകയും, അതിന് വയലൻസ് അടക്കമുള്ള ഉള്ളടക്കങ്ങളുണ്ടോയെന്ന് പരിശോധിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. യോജിക്കാത്ത രീതിയിലുള്ള കണ്ടന്റ് അതിലുണ്ടെങ്കിൽ കുട്ടിയെ സമാധാനപൂർവം അതിന്റെ ഭവിഷത്ത് പറഞ്ഞുമനസിലാക്കുകയാണ് വേണ്ടത്.

മുറിയടച്ചിരുന്നുള്ള ഗെയിം ഒരിക്കലും അനുവദിക്കരുതെന്നതാണ് രണ്ടാമത്തെ കാര്യം. ഇത്ര സമയം മാത്രമേ ഗെയിം കളിക്കാവൂ എന്നൊരു കണ്ടീഷൻ വയ്ക്കണം. പഠനത്തിനും ഇത്തരത്തിലൊരു ടൈം ടേബിൾ വേണം. പഠിക്കാൻ ഉപയോഗിക്കുന്ന ഫോണിലാണ് ഗെയിമും ഉള്ളതെങ്കിൽ അത് കുട്ടിയുടെ ശ്രദ്ധമാറാൻ കാരണമാകും. വീട്ടിൽ വേറെ ഡിവൈസുകളുണ്ടെങ്കിൽ പഠിക്കുന്ന ഫോണിൽ ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.