
 ഈവർഷം പണമൊഴുക്ക് $10,000 കോടി കവിയും
കൊച്ചി: ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന പട്ടം 2022ലും ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. 2021നേക്കാൾ 12 ശതമാനം വളർച്ചയോടെ പണമൊഴുക്ക് ചരിത്രത്തിൽ ആദ്യമായി 10,000 കോടി ഡോളർ ഈവർഷം കടക്കുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു.
പ്രവാസിപ്പണമൊഴുക്കിൽ തുടർച്ചയായി ഒന്നാംസ്ഥാനം നിലനിറുത്തുന്ന ഇന്ത്യ കഴിഞ്ഞവർഷം നേടിയത് 8,700 കോടി ഡോളറായിരുന്നു. ചൈന, മെക്‌സിക്കോ (5,300 കോടി ഡോളർ വീതം), ഫിലിപ്പൈൻസ് (3,600 കോടി ഡോളർ), ഈജിപ്‌ത് (3,300 കോടി ഡോളർ) എന്നിവയാണ് യഥാക്രമം ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെയുണ്ടായിരുന്നത്.
ഈവർഷവും ഈ രാജ്യങ്ങളെ ഇന്ത്യ ബഹുദൂരം പിന്നിലാക്കും. താരതമ്യേന കുറഞ്ഞ തൊഴിൽവൈദഗ്ദ്ധ്യം ആവശ്യമുള്ളതും വരുമാനം കുറഞ്ഞതുമായ ഗൾഫ് രാജ്യങ്ങളിൽ നിന്നുമാറി ഉയർന്ന വൈദഗ്ദ്ധ്യവും വരുമാനവുമുള്ള അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പണമൊഴുക്ക് ഉയർന്നതാണ് ഇന്ത്യയ്ക്ക് കൂടുതൽ കരുത്താവുന്നത്.
വിദേശ നിക്ഷേപത്തേക്കാൾ മുന്നിൽ
ഈവർഷം ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) 8,000 കോടി ഡോളർ എത്തുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ഇതിനേക്കാൾ 25 ശതമാനം അധികമായിരിക്കും പ്രവാസിപ്പണമൊഴുക്ക്.
ഗൾഫ് പിന്നിലേക്ക്
ഇന്ത്യയുടെ പരമ്പരാഗത പ്രവാസിപ്പണ സ്രോതസുകളായ ജി.സി.സി രാജ്യങ്ങളുടെ (സൗദി അറേബ്യ, യു.എ.ഇ., കുവൈറ്റ്, ഒമാൻ, ഖത്തർ) വിഹിതം 2016-17ൽ നിന്ന് 2020-21ലേക്ക് എത്തിയപ്പോൾ 54 ശതമാനത്തിൽ നിന്ന് 28 ശതമാനത്തിലേക്ക് ഇടിഞ്ഞു.
അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിഹിതം 26 ശതമാനത്തിൽ നിന്ന് 36 ശതമാനമായി. 2020-21ൽ 23 ശതമാനം വിഹിതത്തോടെ യു.എ.ഇ പിന്നിലാക്കി അമേരിക്ക ഒന്നാംസ്ഥാനവും നേടി.
മുന്നിൽ മഹാരാഷ്‌ട്ര
ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസിപ്പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 2020-21ൽ 10.2 ശതമാനമായി കുറഞ്ഞു. വിഹിതം 16.7ൽ നിന്ന് 35.2 ശതമാനമായി മെച്ചപ്പെടുത്തിയ മഹാരാഷ്‌ട്ര കേരളത്തിൽ നിന്ന് ഒന്നാംസ്ഥാനവും പിടിച്ചെടുത്തു.
21%
ഇന്ത്യയിലേക്ക് ഒഴുകുന്ന പ്രവാസിപ്പണത്തിന്റെ 21 ശതമാനവും എത്തുന്നത് കേരളം ആസ്ഥാനമായുള്ള ഫെഡറൽ ബാങ്കിലേക്കാണ്.